ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് ഫിലിം ആയിരിക്കും പക്ഷെ... മോഹൻലാൽ
Entertainment
ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് ഫിലിം ആയിരിക്കും പക്ഷെ... മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 9:25 pm

മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹന്‍ലാല്‍ എന്നിവരുടേത്. ഇപ്പോൾ ഹൃദയപൂർവ്വം എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കാൻ പോകുകയാണ് ഇരുവരും. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

ഹൃദയപൂര്‍വ്വം നല്ല സിനിമയാണെന്നും ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കുമെന്നും മോഹൻലാൽ പറയുന്നു. പക്ഷെ, സ്ഥിരം സത്യൻ അന്തിക്കാട് സിനിമകളിൽ നിന്നും മാറിയ കഥയാണ് ഹൃദയപൂര്‍വ്വം എന്നും അതിനുവേണ്ടി കാത്തിരിക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഹൃദയപൂര്‍വ്വം നല്ല സിനിമയാണ്. ഒരു ഫീല്‍ ഗുഡ് ഫിലിം ആയിരിക്കും. പക്ഷേ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം,’ മോഹൻലാൽ പറഞ്ഞു.

എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ വിജയം ആഘോഷിക്കാന്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. സത്യൻ അന്തിക്കാടും പരിപാടിയിൽ പങ്കെടുത്തിരുന്നു.

മോഹന്‍ലാലിനൊപ്പം തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, ചിപ്പി, എമ്പുരാന്‍ നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ കൊച്ചിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും‘ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിൻ്റെ കേരളത്തിലെ ഷെഡ്യൂള്‍ പൂർത്തിയാക്കി പൂനെയിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൻ്റെ കഥ അഖിൽ സത്യൻ നിർവഹിക്കുമ്പോൾ അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.

Content Highlight: Mohanlal Talking About Hridayapoorvam Film