മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നാല്പത് വർഷത്തോളമായി നീണ്ടുനിൽക്കുന്ന കരിയറിൽ അദ്ദേഹം പകർന്നാടാത്ത വേഷങ്ങളില്ല. മോഹൻലാൽ നായകനായി ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ എമ്പുരാൻ എന്ന ചിത്രം മലയാള സിനിമയിലെ സർവ്വമാന കളക്ഷൻ റെക്കോർഡും പിന്തള്ളി 250 കോടി ബോക്‌സ് ഓഫീസിൽ നിന്നും നേടിയിരുന്നു. ഷണ്മുഖനായി മോഹൻലാൽ എത്തിയ തുടരും എന്ന ചിത്രവും തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്.
ഇപ്പോൾ തുടരും എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയാണ് മോഹൻലാൽ. ഒരിക്കൽ രണ്ടുപേർ തമ്മിൽ ഒരു നല്ല സിനിമയുണ്ടാകുന്നതെങ്ങനെയാണെന്ന് തർക്കം ഉണ്ടായെന്നും അവസാനം അത് കേട്ടുകൊണ്ടിരുന്ന നടൻ നെടുമുടി വേണു നല്ല സിനിമയുണ്ടാകുന്നത് നിർമാതാവിന്റെ ഭാഗ്യമാണെന്ന് പറഞ്ഞെന്നും മോഹൻലാൽ പറയുന്നു.
‘ഞാൻ ഒരു തമാശയായിട്ട് പറയുകയാണ്. ഒരിക്കൽ ഞാനും നെടുമുടി വേണു ചേട്ടനും കൂടെ ഇങ്ങനെ നിൽകുമ്പോൾ വേറെ രണ്ടുപേർ നിന്ന് സംസാരിക്കുകയാണ്. ജനറേറ്റർ വാനിൻ്റെ ഡ്രൈവറും ക്ലീനറും ആണെന്നാണ് ഓർമ. അവരുടെ തർക്കമായിരുന്നു ഒരു നല്ല സിനിമ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന്.
അതിൽ ഒരാൾ പറഞ്ഞു, നല്ല സിനിമയുണ്ടാകാൻ നല്ല കഥ വേണം, സംവിധാനം വേണം എന്നൊക്കെ. സംവിധാനം മാത്രം ഉണ്ടായാൽ പോരല്ലോ, നല്ല പാട്ടും സീനും ഫൈറ്റും ഒക്കെ വേണമല്ലോ എന്ന് മറ്റൊരാൾ. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് തീരുന്നില്ല. ഞങ്ങൾക്ക് പോകുകയും വേണം. അവസാനം വേണു ചേട്ടൻ പറഞ്ഞു, ‘അങ്ങനെ ഒന്നും അല്ല. നല്ല സിനിമയുണ്ടാകുന്നത് നിർമാതാവിൻ്റെ ഭാഗ്യം പോലെയാണ്’ എന്ന്,’ മോഹൻലാൽ പറയുന്നു.
ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സിനിമയാണ് തുടരും. ഈയിടെ ഇറങ്ങിയ മറ്റൊരു സിനിമയ്ക്കും കിട്ടാത്തത്ര ജനപ്രീതി തുടരും എന്ന സിനിമയ്ക്ക് കിട്ടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത് കെ. ആർ. സുനിലും തരുൺ മൂർത്തിയും ചേർന്നാണ്. ചിത്രം തിയേറ്ററിലെത്തിയത് മുതൽ മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആഗോളതലത്തിൽ ആകെ 100 കോടിയിലധികം ബോക്സ് ഓഫീസിൽ കളക്ഷനാണ് തുടരും എന്ന ചിത്രം ഇതുവരെയും സ്വന്തമാക്കിയിരിക്കുന്നത്. വിദേശ ബോക്സ് ഓഫീസിൽ നിന്നും 54 കോടിയാണ് ഒരാഴ്ച കൊണ്ട് സിനിമ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. വേഗത്തിൽ കേരള ബോക്സ് ഓഫീസിൽ നിന്നും 50 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് തുടരും.