ക്യാമറക്ക് മുന്നില്‍ നെടുനീളന്‍ ഡയലോഗുകള്‍ കൊണ്ടും അതിമാനുഷികമായ ആക്ഷന്‍ സീനുകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന മോഹന്‍ലാലിന്റെ ഓഫ്‌സ്‌ക്രീന്‍ മൊമന്റുകള്‍ പലരെയും അത്ഭുതപ്പെടുത്താറുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ പല കാര്യങ്ങളെയും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിക്കാണുന്ന ചില പ്രത്യേക ‘ലാല്‍ മൊമന്റുകള്‍’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
അത്തരമൊരു കാഴ്ചക്ക് കഴിഞ്ഞദിവസം ആരാധകര്‍ സാക്ഷ്യം വഹിച്ചു. പേട്രിയറ്റിന്റെ ട്രെയ്‌ലര്‍ ലോഞ്ചായിരുന്നു വേദി. എറണാകുളം കവിത തിയേറ്ററില്‍ വെച്ചായിരുന്നു മോഹന്‍ലാല്‍ പേട്രിയറ്റിന്റെ ട്രെയ്‌ലര് ലോഞ്ച് ചെയ്തത്. തിങ്ങിനിറഞ്ഞ തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പമിരുന്നായിരുന്നു മോഹന്‍ലാല്‍ ട്രെയ്‌ലര്‍ കണ്ടത്. ആയിരത്തിലധികം സീറ്റിങ് കപ്പാസിറ്റിയുള്ള കവിത തിയേറ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു.
ട്രെയ്‌ലര്‍ ആദ്യം പ്രദര്‍ശിപ്പിച്ച ശേഷം ആരാധകര്‍ക്കിടയില്‍ സന്തോഷത്തോടെ ഇരിക്കുന്ന മോഹന്‍ലാലിനെയാണ് പലരും ക്യാമറയില്‍ പകര്‍ത്തിയത്. ഒരുവട്ടം കൂടി ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കണമോ എന്ന് അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ മോഹന്‍ലാലിനോട് ചോദിക്കുന്നുണ്ട്. ഇതിനിടയില്‍ ആരാധകരുടെ ആര്‍പ്പുവിളികളും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.
‘വീണ്ടും ഇടണോ…. അവരോട് ചോദിക്കൂ, അവര്‍ പറഞ്ഞാല്‍ നമുക്ക് ഇടാം’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ സ്വതവേയുള്ള നാണം കുണുങ്ങിക്കൊണ്ടുള്ള സംസാരമാണ് വീഡിയോയുടെ ഹൈലൈറ്റ്. ഫഹദ് ഫാസിലും മോഹന്‍ലാലിനൊപ്പം ചിരിച്ചുകൊണ്ട് ഇരുന്നത് വീഡിയോയെ കൂടുതല്‍ മനോഹരമാക്കി.
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും സംവിധായകന്‍ മഹേഷ് നാരായണനും കവിത തിയേറ്ററിലെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. അനൗണ്‍സ്‌മെന്റിന് ശേഷം അധികം ചലനമൊന്നും ഉണ്ടാക്കാതിരുന്ന പേട്രിയറ്റിന്റെ ഹൈപ്പ് ട്രെയ്‌ലര്‍ റിലീസിന് ശേഷം ഉയര്‍ന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ചിത്രം പല റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. കണ്ടുശീലിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് പേട്രിയറ്റിന്റേതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. മഹേഷ് നാരായണന്‍ ബിഗ് എംസിനെ എങ്ങനെ ഉപയോഗിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.
Content Highlight: Mohanlal’s video after Patriot trailer launch viral