40 ദിവസം, രണ്ട് സിനിമകള്‍, 450 കോടി, ഇങ്ങേരുടെ സ്റ്റാര്‍ഡത്തിന് വട്ടം വെക്കാന്‍ പോന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല
Entertainment
40 ദിവസം, രണ്ട് സിനിമകള്‍, 450 കോടി, ഇങ്ങേരുടെ സ്റ്റാര്‍ഡത്തിന് വട്ടം വെക്കാന്‍ പോന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 10:15 pm

മലയാളത്തിലെ ഏറ്റവും വലിയ താരമായി പലരും പറയുന്ന പേരാണ് മോഹന്‍ലാലിന്റേത്. മലയാളസിനിമയിലെ പല കളക്ഷന്‍ റെക്കോഡുകളും ആദ്യം കുറിക്കപ്പെട്ടതും പിന്നീട് അത് തകര്‍ത്തതും മോഹന്‍ലാല്‍ തന്നെയാണ്. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ 50,100,150 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കിയാണ് മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനില്‍ക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും മോഹന്‍ലാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. യുവനടന്മാരുടെ ചിത്രങ്ങള്‍ പോലും വമ്പന്‍ കളക്ഷന്‍ നേടുമ്പോള്‍ മോഹന്‍ലാല്‍ നായകനായ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നില്ല.

എന്നാല്‍ ഈ വര്‍ഷം തന്റെ സിംഹാസനം മോഹന്‍ലാല്‍ വീണ്ടെടുക്കുന്ന കാഴ്ചക്കാണ് മലയാളസിനിമ സാക്ഷ്യം വഹിക്കുന്നത്. പല സിനിമകളും ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്ന സമയത്ത് തിയേറ്ററുകള്‍ നഷ്ടത്തിലാകുന്ന സമയമായിരുന്നു ഈ വര്‍ഷം തുടക്കത്തില്‍ കണ്ടത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ കേരള ബോക്‌സ് ഓഫീസിലെ സകല റെക്കോഡും തകര്‍ത്തെറിഞ്ഞു.

വിജയ് നായകനായ ലിയോ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം എമ്പുരാന്‍ തകര്‍ത്തു. തുടര്‍ന്ന് പല റെക്കോഡും എമ്പുരാന് മുന്നില്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ആദ്യദിനം 50 കോടി, ഏറ്റവും വേഗത്തില്‍ 100,150,200 കോടി സ്വന്തമാക്കിയ ചിത്രം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറി. 262 കോടിയാണ് ചിത്രം നേടിയത്.

എന്നാല്‍ എമ്പുരാന്റെ വിജയം വെറും സാമ്പിള്‍ മാത്രമാണെന്ന് മോഹന്‍ലാല്‍ വീണ്ടും തെളിയിച്ചു. ഫാമിലി ഡ്രാമ എന്ന ലേബലിലെത്തിയ ചിത്രം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ കാണാന്‍ സാധിച്ച ചിത്രം കൂടിയാണ് തുടരും. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന തുടരും മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

വേള്‍ഡ്‌വൈഡായി 170 കോടിയോളം നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 84 കോടിയാണ് നേടിയത്. രണ്ട് ചിത്രങ്ങളും കൂടി 450 കോടിയാണ് നേടിയത്. വെറും 40 ദിവസം മാത്രമാണ് തന്റെ സിംഹാസനം വീണ്ടെടുക്കാന്‍ മോഹന്‍ലാലിന് വേണ്ടിവന്നത്. ഇതോടെ മോഹന്‍ലാലിന് പകരംവെക്കാന്‍ മറ്റൊരു താരമില്ലെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്.

Content Highlight: Mohanlal’s Thudarum and Empuraan movies collected 450 crores from box office