2025 അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തിന്റെ വര്‍ഷമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. മാര്‍ച്ച് മുതല്‍ ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ട് തുടങ്ങിയ മോഹന്‍ലാല്‍ ഇപ്പോഴും തുടരുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് കേരളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടമൊഴികെ മറ്റെല്ലാം സ്വന്തമാക്കിയിരുന്നു.
ആദ്യദിനം തന്നെ 50 കോടിയെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ചിത്രം വേള്‍ഡ്വൈഡ് കളക്ഷനില്‍ 265 കോടിയാണ് സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ റിലീസായ തുടരും മലയാളത്തിലെ സര്‍വകാല വിജയമായി മാറി. തരുണ്‍ മൂര്‍ത്തി എന്ന ഫാന്‍ബോയ് സംവിധായകന് മോഹന്‍ലാലിലെ നടനും താരവും ഒരുപോലെ നിറഞ്ഞാടിയ ചിത്രമായിരുന്നു തുടരും.
കേരളത്തില്‍ നിന്ന് തുടര്‍ച്ചയായി 15 ദിവസം ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം കേരളത്തില്‍ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയെന്ന നേട്ടവും സ്വന്തമാക്കി. 2018 സ്വന്തമാക്കി വെച്ചിരുന്ന ഇന്‍ഡസ്ട്രി ഹിറ്റ് ടാഗ് 30 കോടി വ്യത്യാസത്തില്‍ തുടരും സ്വന്തമാക്കി മോഹന്‍ലാല്‍ തന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു.
പുത്തന്‍ റിലീസുകള്‍ മാത്രമല്ല, റീ റിലീസാകുന്ന മോഹന്‍ലാല്‍ ചിത്രങ്ങളും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ 18 വര്‍ഷങ്ങള്‍ക്കിപ്പുറം 4K സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്തിരിക്കുകയാണ്. 100ല്‍ താഴെ സ്ക്രീനുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്പാണ് ലഭിച്ചത്.
വന്‍ ഡിമാന്‍ഡ് കാരണം രണ്ടാം ദിനം മുതല്‍ ചിത്രം കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. മോഹന്‍ലാലടക്കം എല്ലാ താരങ്ങളുടെയും ഇന്‍ട്രോയ്ക്കും പാട്ടിനും ഡയലോഗുകള്‍ക്കും നിലക്കാത്ത കൈയടിയും ആര്‍പ്പുവിളികളുമാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളിലെല്ലാം ഹൗസ്ഫുള് ഷോയാണ് ഛോട്ടാ മുംബൈക്ക് ലഭിക്കുന്നത്.
ഒരു വർഷം കൊണ്ട് 300 കോടി തിയേറ്റർ കളക്ഷൻ ഉണ്ടാക്കിയ താരങ്ങൾ നമുക്കില്ല.അപ്പോഴാണ് ഇവിടെ ഒരു മനുഷ്യൻ 73 ദിവസങ്ങൾ കൊണ്ട് 500 കോടി തിയേറ്റർ കളക്ഷൻ ഉണ്ടാക്കിയിരിക്കുന്നത്.
73 ദിവസത്തിനുള്ളില്‍ 500 കോടിയുടെ തിയേറ്റര്‍ കളക്ഷനാണ് മോഹന്‍ലാല്‍ എന്ന താരം സ്വന്തമാക്കിയത്. 100 കോടി ക്ലബ്ബില്‍ പോലും ഇടം നേടാനാകാത്ത നടന്മാരുള്ളപ്പോള് തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി മോഹന്‍ലാല്‍ തന്റെ റേഞ്ച് വ്യക്തമാക്കിയിരിക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷം സത്യന് അന്തിക്കാടിനൊപ്പം കൈകോര്‍ക്കുന്ന ഹൃദയപൂര്‍വമാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം.
Content Highlight: Mohanlal made 500 crore rupees theater collection within 73 days