മലയാളത്തിന് മുമ്പ് ഹിന്ദി ദൃശ്യം 3 വരുമെന്ന് പറഞ്ഞവര്‍ക്ക് ഇനി മാറിനില്‍ക്കാം; ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് അറിയിച്ച് മോഹന്‍ലാല്‍
Entertainment
മലയാളത്തിന് മുമ്പ് ഹിന്ദി ദൃശ്യം 3 വരുമെന്ന് പറഞ്ഞവര്‍ക്ക് ഇനി മാറിനില്‍ക്കാം; ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് അറിയിച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 7:22 pm

ദൃശ്യം 3യുടെ മലയാളം വേര്‍ഷന് മുമ്പ് ഹിന്ദി പതിപ്പ് തിയേറ്ററിലെത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയ പനോരമ സ്റ്റുഡിയോസ് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ആയിരുന്നു ആ വാര്‍ത്തകള്‍ വന്നത്.

അജയ് ദേവ്ഗണ്‍ നായകനാകുന്ന സിനിമ ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തിക്കുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ബോളിവുഡ് ബോക്സ് ഓഫീസില്‍ വലിയ വിജയമായപ്പോഴും റീമേക്കെന്ന പേര് കേട്ടിരുന്നു. അതുകൊണ്ട് തന്നെ ജീത്തു ജോസഫിന്റെ സ്‌ക്രിപ്റ്റിലല്ലാതെ ഒറിജിനല്‍ സ്‌ക്രിപ്റ്റിലാകും സിനിമ എത്തുക എന്നായിരുന്നു റൂമറുകള്‍.

ഇപ്പോള്‍ മലയാളം ദൃശ്യം 3യുടെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ‘ഒക്ടോബര്‍ 2025 – ക്യാമറ വീണ്ടും ജോര്‍ജുകുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമാകില്ല’ എന്ന ക്യാപ്ഷനോടെയാണ് ഈ വിവരം നടന്‍ പങ്കുവെച്ചത്.

മലയാളികള്‍ കാത്തിരുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജീത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനും ഒപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് ദൃശ്യം 3യുടെ അപ്‌ഡേറ്റിനായി പുറത്തുവിട്ടത്.

അപ്പോഴും ഏറെ ചര്‍ച്ചയാകുന്നത് അജയ് ദേവ്ഗണ്‍ നായകനാകുന്ന ബോളിവുഡ് ദൃശ്യം തന്നെയാണ്. മലയാളത്തിന് മുമ്പ് റിലീസ് ചെയ്ത് ഫസ്റ്റടിക്കാന്‍ നിന്ന അജയ് ദേവ്ഗണിന് ഇതൊരു തിരിച്ചടി ആകുമോ എന്നതാണ് ചര്‍ച്ച. ആദ്യം ഏതാകും തിയേറ്ററില്‍ എത്തുകയെന്നതും ചര്‍ച്ചയിലുണ്ട്.


Content Highlight: Mohanlal Announced Drishyam3