മലയാള സിനിമകളെ കുറിച്ചും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തന്റെ സിനിമകളെ കുറിച്ചുമൊക്കെ ശ്രീലങ്കന്‍ മാധ്യമമായ ന്യൂസ് ഫസ്റ്റ് ഇംഗ്ലീഷിനോട് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
എന്നും വ്യത്യസ്തത തേടുന്ന ഇന്‍ഡസ്ട്രിയാണ് മലയാളമെന്നും മലയാളം കണ്ട എക്കാലത്തേയും വലിയ കളക്ഷന്‍ നേടാന്‍ എമ്പുരാന്‍ എന്ന ചിത്രത്തിനും തുടരുമെന്ന ചിത്രത്തിനും സാധിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഒപ്പം ദൃശ്യം 3 യെ കുറിച്ചും ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. പേട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് മോഹന്‍ലാല്‍ ശ്രീലങ്കയില്‍ എത്തിയത്.
11 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന്ത് മഹേഷ് നാരായണനാണ്.
’60 ഓളം സിനിമകള്‍ ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. അടുത്തിടെ ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്തു. 40 വര്‍ഷത്തിന് ശേഷം മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ത്രിഡി സിനിമയാണ് അത്.
ഇതെല്ലാം ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പുതുമകളാണ്. പാന്‍ ഇന്ത്യ എന്നൊരു ടേം അടുത്തിടെയാണ് എല്ലാവരും ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ പാന്‍ ഇന്ത്യന്‍ സിനിമ ചെയ്തവരാണ് ഞങ്ങള്‍.
കാലാപാനി എന്നൊരു സിനിമ ഞങ്ങള്‍ ചെയ്തു. അതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. ഒരുപാട് ഭാഷകളില്‍ നിന്നുള്ള നടന്മാര്‍ അതില്‍ ഭാഗമായിരുന്നു.
ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ക്കായി ആളുകള്‍ ശ്രമിക്കുന്നു. ഇന്ന് നമ്മള്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്താല്‍ തമിഴിലും തെലുങ്കിലും കന്നഡയിലും അത് ഡബ്ബ് ചെയ്തിറക്കും. അതിനായി എല്ലാ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളേയും കൊണ്ടുവരും.
നമ്മുടെ വ്യവസായത്തെ വലിയ തലത്തിലേക്ക് കൊണ്ടുവരാനും അന്താരാഷ്ട്ര വേദികളില്‍ എത്തിക്കാനും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. വാനപ്രസ്ഥം പോലുള്ള സിനിമകളെ കാനില്‍ വരെ കൊണ്ടുവന്നു.
അടുത്തിടെ ഇറങ്ങിയ എമ്പുരാന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത സിനിമയായി മാറി. ആ സിനിമയുടെ പ്രൊഡക്ഷന്‍ വാല്യു വളരെ വലുതാണ്.
അതുപോലെ തുടരും എന്ന സിനിമ. വളരെ ലളിതമായ ഒരു സിനിമയാണ്. പക്ഷേ വലിയ കളക്ഷന്‍ നേടിയ സിനിമയായി അതും മാറി. ഒരു നിര്‍മാതാവെന്ന നിലയിലും പുതിയത് പരീക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുക എന്നതാണ് അടിസ്ഥാനം. അതുപോലെ മറ്റ് രാജ്യങ്ങളിലെ അഭിനേതാക്കളുമായും സഹകരിക്കണം. എമ്പുരാനിലൊക്കെ അത്തരത്തില്‍ നിരവധി ആക്ടേഴ്‌സിനെ കൊണ്ടുവന്നിരുന്നു. ബ്രീട്ടീഷ്, പാരീസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരൊക്കെ ആ സിനിമയില്‍ സഹകരിച്ചു.
ഇനി വരാനിരിക്കുന്നത് ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ്. ദൃശ്യം കുടുംബത്തിന് വേണ്ടി പോരാടുന്ന ഒരാളുടെ കഥയാണ്. അതൊരു മികച്ച ആശയമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Thudarum and Empuraan Collection