സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയ വാര്‍ത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്‍രെ മകള്‍ വിസ്മയ അഭിനയലോകത്തേക്ക് കടന്നുവരുന്നു എന്ന വാര്‍ത്ത ഇന്‍ഡസ്ട്രിയെ ഏറെ സന്തോഷിപ്പിച്ചു. 2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കത്തിലൂടെയാണ് വിസ്മയ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.
വിസ്മയയുടെ സിനിമാപ്രവേശനത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ പങ്കുവെച്ചെന്നും ആ സമയത്ത് ജൂഡ് ആന്തണിയുടെ കഥ കേട്ട് ഇഷ്ടമായെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാര്‍ഷ്യല്‍ ആര്‍ട്‌സ്, ചിത്രരചന തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പഠിച്ചയാളാണ് വിസ്മയയെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അവര്‍ക്ക് സിനിമയിലഭിനയിക്കണമെന്ന് പറഞ്ഞു. ആക്ടിങ് സ്‌കൂളുകളിലൊക്കെ പഠിച്ചയാളാണ് അവര്‍. ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്ന കുട്ടിയാണ്. ആ കുട്ടി സിനിമയിലഭിനയിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചു. തുടര്‍ച്ചയായി സിനിമ ചെയ്യണമെന്നൊന്നും പറഞ്ഞില്ല. ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ. ഒരുപക്ഷേ, പ്രണവ് സിനിമയിലഭിനയിച്ചത് കണ്ടതുകൊണ്ടായിരിക്കാം വിസ്മയക്കും അങ്ങനെ തോന്നിയത്.
‘എനിക്കും സിനിമ ചെയ്യാന്‍ സമയമായി, ഐ ആം പ്രിപ്പയേഡ്’ എന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമയുണ്ടായത്. ജൂഡ് ആന്തണിയുടെ ഒരു കഥ ഇവര്‍ക്ക് വളരെ ആപ്റ്റായിട്ട് തോന്നി. അതും മാര്‍ഷ്യല്‍ ആര്‍ട്‌സുമായി ബന്ധമുള്ള ഒരു കഥയാണ്. ആ കഥ വിസ്മയയോട് പറയുകയും ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ ഈ സിനിമയുണ്ടായി.
പ്രണവും അങ്ങനെയായിരുന്നു. അയാള്‍ സ്‌കൂളിലെ ബെസ്റ്റ് ആക്ടറൊക്കെയായിരുന്നു. പക്ഷേ, അഭിനയത്തോട് വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. ഒരുഘട്ടം വന്നപ്പോള്‍ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് അയാള്‍ സിനിമയിലേക്കെത്തിയത്. ഒരു ആക്ടറുടെ മകനോ മകളോ സിനിമയിലെത്തണമെന്ന് ഒരു നിര്‍ബന്ധവുമില്ല,’ മോഹന്‍ലാല്‍ പറയുന്നു.
തങ്ങള്‍ക്ക് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസും മറ്റ് സൗകര്യങ്ങളുമെല്ലാമുള്ളതുകൊണ്ട് അവര്‍ക്ക് സിനിമ ചെയ്തുകൊടുക്കാന്‍ സാധിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മകളായതുകൊണ്ട് അവര്‍ക്ക് നാളെ ഒരു സിനിമ കിട്ടില്ലെന്നും അവര്‍ സ്വയം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവര്‍ എക്‌സൈറ്റഡാണോ എന്ന കാര്യം എനിക്കറിയില്ല. അങ്ങനെയായിരിക്കുമെന്ന് കരുതുന്നു. നമ്മുടെ ഫാമിലിയെല്ലാം സിനിമയുമായി ബന്ധമുള്ളവരാണ്. വൈഫിന്റെ കുടുംബമൊക്കെ സിനിമയുമായി ബന്ധപ്പെട്ടവരായതുകൊണ്ട് അതിലെ എക്‌സൈറ്റ്‌മെന്റ് എനിക്ക് അത്ര അറിയില്ല.
എനിക്ക് അങ്ങനെയില്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം. എന്റെ മകനും മകളും വലിയ ആക്ടേഴ്‌സാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ച് പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. ഇതെല്ലാം ഒരു ഭാഗ്യമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about the debut film of his daughter Vismaya