മഥുര, കാശി പള്ളികള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പുണ്ടാക്കുന്നതും: സി.പി.ഐ.എം
ന്യൂദല്‍ഹി: കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുകൊണ്ട് ജനരോഷം ആളിക്കത്തിക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ആര്‍.എസ്.എസ് തലവന്റെ ശ്രമമെന്ന് സി.പി.ഐ.എം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ബി.ജെ.പിക്ക് എതിരെ ഉയരുന്ന ജനവിരുദ്ധ വികാരം തടയാനുള്ള കവചമാണിതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി. മഥുരയിലെയും കാശിയിലെയും ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാനാണ് ഭാഗവതിന്റെ ശ്രമം.
മതത്തിന്റെ പേരില്‍ പ്രകോപനമുണ്ടാക്കാനും ജനശ്രദ്ധയെ വിഘടിപ്പിക്കാനുമുള്ള വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളാണ് ആര്‍.എസ്.എസ് തലവന്‍ കഴിഞ്ഞദിവസത്തെ പ്രസംഗത്തിലൂടെ നടത്തിയതെന്ന് പാര്‍ട്ടി വിമര്‍ശിച്ചു.
യു.എസ് താരിഫ്, കര്‍ഷകര്‍ക്കെതിരായ ആക്രമണങ്ങള്‍, വോട്ടര്‍ പട്ടികയിലുള്ള തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സമൂഹത്തില്‍ ആശങ്ക ഉയരുന്നതിനിടെ ജനശ്രദ്ധ തിരിക്കാനായാണ് ആര്‍.എസ്.എസ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നത്തുന്നതെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.
ദല്‍ഹിയിലെ വിഗ്യാന്‍ഭവനില്‍ നടന്ന ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ത്രിദിന പ്രഭാഷണ പരമ്പരയുടെ അവസാനദിനത്തിലാണ് മോഹന്‍ ഭാഗവത് വിവാദ പരാമര്‍ശം നടത്തിയത്.
കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കാനായി ആര്‍.എസ്.എസ് മുന്നിട്ടിറങ്ങില്ല. എന്നാല്‍, ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തടയില്ലെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.
‘അയോധ്യയില്‍ ക്ഷേത്രത്തിനായി ആര്‍.എസ്.എസ് മുന്നിട്ടിറങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, സമാനമായി ആര്‍.എസ്.എസ് കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടില്ല.
ഹിന്ദുക്കളുടെ മനസില്‍ കാശിക്കും മഥുരക്കും അയോധ്യക്കും സവിശേഷമായ സ്ഥാനമാണുള്ളത്. അത് മനസിലാക്കി മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്കായി ഇവ വിട്ടുനല്‍കിയാല്‍ സാഹോദര്യത്തിനുള്ള വലിയ ചുവടുവെപ്പായി കണക്കാക്കാം’, മോഹന്‍ ഭാഗവത് പറഞ്ഞു.
Content Highlight: Mohan Bhagwat’s statement is unconstitutional and divisive: CPI(M)
VIDEO