മോദി ഭരണം ഭയത്തിന്റെ അടിത്തറയിൽ; മോദി സർക്കാരിന്റെ പതനം തുടങ്ങി: പ്രകാശ് രാജ്
Kerala
മോദി ഭരണം ഭയത്തിന്റെ അടിത്തറയിൽ; മോദി സർക്കാരിന്റെ പതനം തുടങ്ങി: പ്രകാശ് രാജ്
ശ്രീലക്ഷ്മി പി.പി
Saturday, 22nd August 2026, 9:51 am

തൃശൂർ: കേന്ദ്ര സർക്കാരിനെതിരായ ജനകീയ പ്രതിരോധങ്ങൾ ശക്തിപ്പെടുന്നതോടെ മോദി ഭരണകൂടത്തിന്റെ പതനം ആരംഭിച്ചുകഴിഞ്ഞതായി പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജ്. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര സർക്കാരിനെതിരെയും ആർ.എസ്.എസ് രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.

രാജ്യത്തിന്റെ ഭാവിയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയ പ്രകാശ് രാജ്, സർക്കാരിനെ ചോദ്യം ചെയ്താൽ ജോലി നഷ്ടപ്പെടുമെന്ന ഭയം ജനങ്ങളിൽ നിന്ന് ഇല്ലാതായതായി ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് സൃഷ്ടിച്ച ഭയത്തിന്റെ സുരക്ഷാവലയം തകർത്തു കൊണ്ട് യുവാക്കളും വിദ്യാർഥികളും തെരുവിലിറങ്ങുന്നത് ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട് എന്ന് പ്രകാശ് രാജ് പാറഞ്ഞു.

ദൽഹിയിലെ വിദ്യാർഥി സമരങ്ങൾക്ക് പിന്നാലെ രാജ്യത്താകെ പ്രതിഷേധങ്ങൾ വ്യാപിക്കുകയാണ്. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് സമരങ്ങൾ വ്യാപിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജന്തർമന്തറുകൾ ഉയർന്നുവരും. സമൂഹമാധ്യമങ്ങൾ ആയുധമാക്കി സാധാരണക്കാർ അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത് മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും ജനകീയ പ്രതിരോധങ്ങൾക്ക് മുന്നിലാണ് തകർന്നുവീണിട്ടുള്ളതെന്നും ഇന്ത്യയിലും അത് ആവർത്തിക്കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബി.ജെ.പി പ്രവർത്തകർ പോലും പാർട്ടി വിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇ.ഡി വേട്ടയാടുമെന്ന ഭയവും അവസരങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് പല പ്രമുഖ മാധ്യമങ്ങളെയും സിനിമാ താരങ്ങളെയും ഇപ്പോഴും ഭരണകൂടത്തിനൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഭയത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത മോദി ഭരണം അധികം വൈകാതെ പൂർണമായി തകർന്നുവീഴും.

അധികാരം നിലനിർത്താൻ ഏതറ്റം വരെയും പോകാൻ ഭരണകൂടം ശ്രമിക്കും. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്ന പ്രധാനമന്ത്രി ഇന്ന് രാത്രികളിൽ റീൽസ് പങ്കുവെക്കുന്ന അവസ്ഥയിലാണ്. ‘റീൽ മേക്കർ’ ആയി മോദി മാറിയെന്നും മോദി ഒരു കോമാളി ആയി മാറുകയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. ചരിത്രത്തിൽ പല ഏകാധിപതികളും പതനത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തിൽ പരിഹാസ്യരായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഭരണത്തിലുണ്ടെന്നത് ജനപിന്തുണയുടെ തെളിവല്ലെന്നും എം.പിമാരെ വിലയ്ക്കെടുത്താണ് ഭരണം നിലനിർത്തുന്നതെന്നും പ്രകാശ് രാജ് വിമർശിച്ചു. 12 വർഷത്തെ ഭരണത്തിന് ശേഷവും പാർലമെന്റിൽ ഒരു ബിൽ പോലും സുഗമായി പാസാക്കാൻ സാധിക്കാത്ത അവസ്ഥ സർക്കാരിന്റെ കടുത്ത ദൗർബല്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തതിൽ വ്യക്തമാക്കി.

Content Highlight:Modi’s Rule Built on Fear; Downfall of Modi Government Has Begun: Prakash Raj.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.