'പ്രായമല്ല കാരണം'; ശങ്കര്‍ മോഹന്റെ രാജി വിദ്യാര്‍ത്ഥികളുടെ ആവശ്യം: മന്ത്രി ആര്‍. ബിന്ദു
Kerala News
'പ്രായമല്ല കാരണം'; ശങ്കര്‍ മോഹന്റെ രാജി വിദ്യാര്‍ത്ഥികളുടെ ആവശ്യം: മന്ത്രി ആര്‍. ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st January 2023, 9:06 pm

തിരുവനന്തപുരം: കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍ മോഹന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഗൗരവകരമായ പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്തിയിരുന്നെന്നും, വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം ഡയറക്ടര്‍ രാജിവെക്കണം എന്നായിരുന്നെന്നും മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇതേ തുടര്‍ന്നാണ് ശങ്കര്‍ മോഹന്‍ രാജി നല്‍കുകയും സര്‍ക്കാര്‍ ആ രാജി സ്വീകരിക്കുകയും ചെയ്തതെന്നും പ്രസ്താവനയിലുണ്ട്.

‘വിദ്യാര്‍ത്ഥികളുടെ ഏറ്റവും പ്രധാന ആവശ്യം ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരരുതെന്നായിരുന്നു. ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നതായി ശ്രീ. ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗണ്‍സില്‍ പ്രസിഡണ്ടു കൂടിയായ ബഹു. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിയായ എനിക്കും കത്തു നല്‍കി. സര്‍ക്കാര്‍ കത്ത് വിശദമായി പരിശോധിക്കുകയും ശ്രീ. ശങ്കര്‍ മോഹന്റെ രാജി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്, ‘ ആര്‍. ബിന്ദു പറഞ്ഞു.

വിരമിക്കല്‍ പ്രായമെത്തിയതുകൊണ്ടാണ് രാജിവെച്ചതെന്നും തനിക്ക് എതിരെയുള്ള വിവാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാജിക്ക് പിന്നാലെ ശങ്കര്‍ മോഹന്‍ പറഞ്ഞിരുന്നത്. ഈ വാദങ്ങളാണ് ഇപ്പോള്‍ മന്ത്രിയുടെ പ്രസ്താവനയിലൂടെ വെട്ടിലായിരിക്കുന്നത്.

വിദ്യാര്‍ത്ഥികളോടും ശുചീകരണ തൊഴിലാളികളോടും ജാതീയമായ വിവേചനം പുലര്‍ത്തി എന്നതായിരുന്നു ശങ്കര്‍ മോഹനെതിരെയുള്ള പ്രധാന പരാതി. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ആര്‍. ബിന്ദുവിന്റെ പ്രസ്താവനയില്‍ ഇതേ കുറിച്ച് നേരിട്ട് പരാമര്‍ശമില്ല.

എന്നാല്‍, വിദ്യാര്‍ത്ഥി താല്‍പര്യവും സാമാന്യനീതിയും ഉറപ്പാക്കാനാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിന് വേണ്ടി ഉന്നയിക്കപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ കമ്മീഷനുകളെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു.

‘കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ ഗൗരവമുള്ള ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിതാല്പര്യവും സാമാന്യനീതിയും ഉറപ്പാക്കണമെന്നതാണ് തുടക്കംതൊട്ട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം. വ്യവസ്ഥാപിതമായി അവ അന്വേഷിക്കപ്പെട്ടു. ആദ്യം ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഉന്നതതല കമീഷന്റെ മുന്‍കയ്യിലും അന്വേഷണം നടന്നു,’ ബിന്ദു പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പഠനസംബന്ധിയായ മറ്റു വിഷയങ്ങള്‍ പുറകെ അഭിസംബോധന ചെയ്യപ്പെടുമെന്നും ആര്‍. ബിന്ദു അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ അ്യര്‍ത്ഥിച്ചു.

ശങ്കര്‍ മോഹന്റെ രാജിക്ക് പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് / സിലക്ഷന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. വി കെ രാമചന്ദ്രന്‍ കണ്‍വീനറും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ഷാജി എന്‍. കരുണ്‍, ചലച്ചിത്ര സംവിധായകന്‍ ശ്രീ. ടി.വി. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായാണ് കമ്മിറ്റി.

കഴിഞ്ഞ ഡിംസംബര്‍ അഞ്ച് മുതലായിരുന്നു ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നത്. സമരത്തെയും വിദ്യാര്‍ത്ഥികളെയും അധിക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി, അമന്‍ നീരദ്, മഹേഷ് നാരായണന്‍ തുടങ്ങി സിനിമാ മേഖലയിലെ പല പ്രമുഖരും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും രംഗത്തെത്തിയിരുന്നു.

ശങ്കര്‍ മോഹന്റെ രാജിയില്‍ വിദ്യാര്‍ത്ഥി സമര നേതാക്കള്‍ പ്രതികരിച്ചിരുന്നു. 12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തങ്ങളുടെ സമരമെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമെ സമരം വിജയമാണെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Minister R Bindhu’s statement about Sankar Mohan’s resignation from the post of director of K R Narayanan Film Institute