ആരാണീ ഷാരൂഖ് ഖാന്‍? ഏതാണീ പത്താന്‍? ബജ്‌രംഗ് ദളിന്റെ അക്രമത്തെ കുറിച്ചുള്ള ചോദ്യത്തോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
Film News
ആരാണീ ഷാരൂഖ് ഖാന്‍? ഏതാണീ പത്താന്‍? ബജ്‌രംഗ് ദളിന്റെ അക്രമത്തെ കുറിച്ചുള്ള ചോദ്യത്തോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 8:33 pm

ഷാരൂഖ് ഖാന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അയാളുടെ പത്താന്‍ എന്ന സിനിമയെ പറ്റിയും ഒന്നുമറിയില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ പത്താന്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയേറ്ററിലേക്ക് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആരാണീ ഷാരൂഖ് ഖാന്‍? അയാളെ പറ്റിയോ അയാളുടെ പത്താന്‍ സിനിമയെ പറ്റിയോ എനിക്ക് ഒന്നുമറിയില്ല. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തെ പറ്റി പറയാന്‍ ബോളിവുഡിലെ ഒരുപാട് താരങ്ങള്‍ എന്നെ വിളിച്ചു. പക്ഷേ ഷാരൂഖ് ഖാന്‍ ഇതുവരെ വിളിച്ചിട്ടില്ല. അയാള്‍ വിളിക്കുകയാണെങ്കില്‍ കാര്യമെന്താണെന്ന് നോക്കാം. നിയമ ലംഘനമോ കേസോ ഉണ്ടാകുകയാണെങ്കില്‍ നടപടിയെടുക്കും,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

അസമീസ് ചിത്രം ഡോക്ടര്‍ ബെസ്ബരുവ 2 ഉടന്‍ റിലീസ് ചെയ്യുമെന്നും സംസ്ഥാനത്തെ ജനങ്ങള്‍ അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ പത്താന്‍ പ്രദര്‍ശിപ്പിക്കൊനൊരുങ്ങുന്ന നരേംഗിയിലെ തിയേറ്ററിലേക്കാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി പ്രതിഷേധിച്ചത്.

അടുത്തിടെ ബോളിവുഡ് സിനിമകള്‍ക്കെതിരായ വിവാദപ്രതികരണങ്ങളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പത്താനെതിരെ വിവിധ സംഘപരിവാര്‍ സംഘടനകളുടെയും ബി.ജെ.പി നേതാക്കളുടെയും വിദ്വേഷ പരാമര്‍ശങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.

പത്താന്‍ സിനിമ റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ പ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്വി പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരില്‍ നിന്നും സുരക്ഷ ഉറപ്പ് നല്‍കി ഒരു ദിവസത്തിന് ശേഷമായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകന്റെ ഭീഷണി വീഡിയോ പുറത്ത് വന്നത്.

ജനുവരി 25നാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ റിലീസ് ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയാവുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Who is Shah Rukh Khan? Which one is Pathan? Assam Chief Minister Himanta Biswa Sharma to medias