നവോത്ഥാനപ്പെണ്‍മതിലിന് ഗുരുനിന്ദകരുടെ ജാതിക്കൂട്ടു വേണ്ട
FB Notification
നവോത്ഥാനപ്പെണ്‍മതിലിന് ഗുരുനിന്ദകരുടെ ജാതിക്കൂട്ടു വേണ്ട
ഡോ. ആസാദ്
Sunday, 2nd December 2018, 1:25 pm

നവോത്ഥാന മൂല്യ സംരക്ഷണത്തിന് പെണ്‍മതില്‍ ഉയരട്ടെ. അതു പടുക്കാനുള്ള പെണ്ണൊരുക്കമാണ് വേണ്ടത്. ആണഹന്തയുടെ നേതൃരൂപങ്ങള്‍ സംഘാടകരാവേണ്ട. ഗുരുവിനെ പിറകില്‍നിന്നു വെട്ടിക്കൊണ്ടേയിരിക്കുന്നവര്‍ നവോത്ഥാനമെന്ന് പുലമ്പേണ്ട. അരികുവത്ക്കരിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്റെ ഉയിര്‍പ്പാണ് നവോത്ഥാനം. അത് മര്‍ദ്ദകരുടെ ആഘോഷമല്ല. പെണ്‍മതിലിന് പെണ്‍ സംഘാടക സമിതി മതി, പിന്‍നോക്കികളുടെ മേല്‍നോട്ടം വേണ്ട.

സമുദായ സംഘടനകളെ വിളിച്ചാദരിക്കുന്നത് നവോത്ഥാനത്തിന്റെ പേരില്‍തന്നെ വേണം! ആ കൂട്ടിനു നേതൃത്വം കൊടുക്കാന്‍ ഏറ്റവും യോഗ്യന്‍ വെള്ളാപ്പള്ളിതന്നെ! പുന്നല ശ്രീകുമാറിനെ ആ കൂട്ടില്‍ പെടുത്തരുതായിരുന്നു. വഴി തെറ്റിയ നവോത്ഥാനത്തെ നിരന്തര വിചാരണയ്ക്കു വിധേയമാക്കുന്ന സമര ജീവിതത്തിന്റെ നേതാവാണ് ശ്രീകുമാര്‍. ഒന്നിച്ചിരുന്നതുകൊണ്ട് എല്ലാം ഒന്നാവില്ല. ഒന്നും ഒരുപോലെയല്ല.

വിലപേശലും പിടിച്ചെടുക്കലും കൊള്ളയും സ്വ സമുദായ വാദവും ജീര്‍ണിപ്പിച്ച കേരളീയാന്തരീക്ഷം വെടിപ്പാക്കാന്‍ വെള്ളാപ്പള്ളിയെ കണ്ടെത്തിയ ഭരണ നേതൃത്വം ജനങ്ങളെ പരിഹസിക്കുകയാണ്. നവോത്ഥാനമെന്ന ആശയത്തെയും അനുഭവത്തെയും പരീക്ഷിക്കുകയാണ്. സ്വന്തം കേസുകളില്‍നിന്ന് ആദ്യമയാള്‍ രക്ഷപ്പെടട്ടെ. പിന്നീടുമതി കേരളത്തിന്റെ രക്ഷകനാവുന്നത്. സമുദായ പ്രീണനത്തിന്റെ ഹീനമായ രാഷ്ട്രീയം നവോത്ഥാനത്തെ രക്ഷിക്കില്ല. ഇതിലുമെത്രയോ ഭേദം ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതാണ്.

സംഘപരിവാരങ്ങള്‍ കോട്ട പണിയാനും പൊളിക്കാനും സ്വീകരിക്കുന്ന അതേ കൂട്ടുപോരാ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക്. സമുദായങ്ങളെ ചേര്‍ത്തല്ല, ജനാധിപത്യ സമര പ്രസ്ഥാനങ്ങളെ ചേര്‍ത്താണ് നവോത്ഥാനത്തിന്റെ കോട്ട പണിയേണ്ടത്. നവോത്ഥാന പാരമ്പര്യവും പിന്തുടര്‍ച്ചയുമുള്ള നൂറ്റിത്തൊണ്ണൂറു സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചത്രെ! ഏതു ശ്മശാനത്തില്‍നിന്നാണ് നവോത്ഥാനത്തിന്റെ വീര്യം സര്‍ക്കാര്‍ കണ്ടെത്തുന്നത്?! ഒരേയുക്തിയിലേക്ക്, അഥവാ ജീര്‍ണിച്ച സമുദായ സംഘടനകളുടെ ശാഠ്യത്തിലേയ്ക്ക് കേരളത്തിന്റെ ശേഷിച്ച ഉണര്‍വ്വുകളെയും സര്‍ക്കാര്‍ വലിച്ചു കെട്ടുകയാണ്.

പെണ്ണുണര്‍വ്വുകള്‍ കണ്ടില്ലെന്നു നടിക്കേണ്ട. അതൊരു യാഥാര്‍ത്ഥ്യമാണ്. മതിലുകളും കോട്ടകളും അവര്‍ കെട്ടും. അവര്‍തന്നെ അവരുടെ സംഘാടകരാവട്ടെ. ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റങ്ങളിലും അനവധി സമര മുന്നേറ്റങ്ങളിലുമുള്ള സ്ത്രീകള്‍ ഒത്തു ചേരട്ടെ. നവോത്ഥാന മൂല്യങ്ങളെ തെരുവില്‍ വേട്ടയാടിയ വെള്ളാപ്പള്ളിമാരെ അകറ്റാതെ കേരളത്തില്‍ സ്ത്രീകളൊത്തു ചേരുന്നതെങ്ങനെ? നവോത്ഥാന മൂല്യ സംരക്ഷണത്തിന് പിന്‍നോക്കികളുടെ മേല്‍നോട്ടം വേണ്ടെന്ന് എല്ലാ സ്ത്രീകളും ഇതര ജനാധിപത്യവാദികളും ഒറ്റ ശബ്ദത്തില്‍ പറയണം.