ഇന്ത്യയിലെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ സിനിമാ മേഖലയാണ് മലയാളത്തിലേത്. എന്നാല്‍ ഈ വലിപ്പക്കുറവ് ഒരിക്കലും മലയാളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ നിലവാരത്തെയോ വൈവിധ്യത്തെയോ ബാധിക്കാറില്ല. മനുഷ്യജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും സൂപ്പര്‍ ഹീറോ ചിത്രങ്ങളും മാസ് ആക്ഷന്‍ ചിത്രങ്ങളും എന്നും പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്.
ആട്. Photo: Friday Film House
ഈ കൂട്ടത്തിലേക്ക് പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ എത്തിയ ഒരുപിടി കോമിക്ക് കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ആട്. കളര്‍ഫുള്ളായ കഥാപാത്രങ്ങളും ഓരോരുത്തര്‍ക്കും അവരുടെതായ ഇന്‍ട്രോ സോങ്ങുകളും അടക്കം, തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഒരേ മൂഡില്‍ പിടിച്ചിരുത്തിയ ആട് ഫ്രാഞ്ചൈസിന്റെ മൂന്നാം ഭാഗമാണ് മാര്‍ച്ച് 19 ന് തിയേറ്ററുകളിലേക്കെത്തുന്നത്.
ഷാജി പാപ്പനും കൂട്ടരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ആടില്‍ വലിയ ആരാധകക്കൂട്ടമുള്ള മറ്റൊരു കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ്. സ്റ്റൈലിഷ് ഗ്യാങ്സ്റ്ററെങ്കിലും തനിക്ക് പറ്റുന്ന അമളികളിലൂടെ പലപ്പോഴും കുരുക്കില്‍ പെടുന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചില ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്ന പോലെ സ്‌റ്റൈലിഷ് വില്ലന്‍ പക്ഷേ വന്‍ മണ്ടന്‍ എന്നതായിരുന്നു ഡ്യൂഡിനെക്കുറിച്ച് മനസില്‍ ആദ്യം വന്ന ചിന്തയെന്നും ആടിന്റെ ഒന്നാം ഭാഗത്തില്‍ ഡ്യഡിനെക്കുറിച്ച് എഴുതുമ്പോള്‍ വിനായകന്‍ ചേട്ടന്റെ ഒരു കഥാപാത്രം മാത്രമായിരുന്നു ആലോചിച്ചതെന്നും മിഥുന്‍ പറയുന്നു.
‘അന്ന് വെറുതെ ഡ്യൂഡ് എന്ന് മാത്രമാണ് എഴുതിയിരുന്നത്, പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലായിരുന്നു. ആട് രണ്ടിലേക്കെത്തിയപ്പോഴാണ് ഡ്യൂഡ് എന്ന് മാത്രം കൊടുത്താല്‍ പോരല്ലോ എന്ന് ചിന്തിക്കുന്നത്. അങ്ങനെയാണ് ഡ്യൂഡിന് ഒരു എക്‌സ്പാന്‍ഷനായി ഡ്യൂഡിന്റെ കൂടെയുള്ള ആളുകളിലൊരാളായ സജേഷ് ദാമോദരനുണ്ണി മകന്‍ ദില്‍മന്‍ ഇടക്കൊച്ചി എന്നാക്കിയാലോയെന്ന് ചോദിക്കുന്നത്. അത് കേട്ടപ്പോള്‍ തന്നെ ഞാനും വിനായകന്‍ ചേട്ടനും ചിരിച്ച് വീണുപോയി,’ സംവിധായകന്‍ പറഞ്ഞു.
രണ്ട് ഭാഗങ്ങളിലായാണ് ആടിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ടൈം ട്രാവല്‍ ഴോണറും മൂന്നാം ഭാഗത്തിലുണ്ടെന്ന സൂചനകള്‍ ഇതിനകം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും സൂചിപ്പിക്കുന്നുണ്ട്.
Content Highlight: Midhun Manuel Thomas talks about creating Dude character
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.