അന്ന് ആ പാട്ടുകേട്ട ലാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ശ്രീക്കുട്ടന്‍ ഇനി പാടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞു: എം.ജി. ശ്രീകുമാര്‍
Entertainment
അന്ന് ആ പാട്ടുകേട്ട ലാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ശ്രീക്കുട്ടന്‍ ഇനി പാടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞു: എം.ജി. ശ്രീകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd March 2025, 11:59 am

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. മാസ് ഹീറോ കഥാപാത്രങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ ‘കണ്‍മണിപ്പൂവേ’ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങിയത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഈ പാട്ട് ആലപിച്ചത് എം.ജി ശ്രീകുമാര്‍ ആയിരുന്നു.

ഇപ്പോള്‍ മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തുടരും സിനിമയെ കുറിച്ചും അതിലെ പാട്ടുകളെ കുറിച്ചും പറയുകയാണ് എം.ജി ശ്രീകുമാര്‍. തരുണ്‍ മൂര്‍ത്തി പാട്ടുകളുടെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും നിന്നില്ലെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വരികളും സംഗീതവും ആലാപനവുമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. സിനിമയിലെ പാട്ടുകേട്ട് മോഹന്‍ലാല്‍ ‘അടുത്ത ഒരു വര്‍ഷത്തേക്ക് ശ്രീക്കുട്ടന്‍ ഇനി പാടിയില്ലെങ്കിലും കുഴപ്പമില്ല’ എന്നാണ് പറഞ്ഞതെന്നും എം.ജി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പുതിയ പടങ്ങളില്‍ പാടാറുണ്ടെങ്കിലും പാട്ടുകള്‍ പലപ്പോഴും പ്രേക്ഷകരിലേക്കെത്താറില്ല. പാട്ടിന് പാട്ടിന്റേതായൊരു പ്രാധാന്യം ഇന്ന് സിനിമകളില്‍ കിട്ടുന്നില്ല എന്നതാണ് സത്യം. പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും പശ്ചാത്തലസംഗീതം പോലെ നാലഞ്ചുവരികള്‍ അവിടവിടങ്ങളിലായി വന്നുപോകുന്ന രീതിയാണ് പലപ്പോഴും കാണുന്നത്.

തരുണ്‍ മൂര്‍ത്തി പാട്ടുകളുടെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും നിന്നില്ല. പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന വരികളും സംഗീതവും ആലാപനവുമാണ് അയാള്‍ ആവശ്യപ്പെട്ടത്. അതിനായി ടീം നിരന്തരം പരിശ്രമിച്ചു. അതിന്റെ വിജയമാണ് ‘കണ്‍മണിപ്പൂവേ’ എന്നുതുടങ്ങുന്ന പാട്ട്.

സിനിമയിലെ പാട്ടുകേട്ട് ലാല്‍ പറഞ്ഞത് അടുത്ത ഒരു വര്‍ഷത്തേക്ക് ശ്രീക്കുട്ടന്‍ ഇനി പാടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണ്. സിനിമയുടെ ചിലഭാഗങ്ങളെല്ലാം ഞാന്‍ കണ്ടു.

പുതിയകാലത്തെ കഥകളില്‍നിന്നെല്ലാം മാറി സ്വന്തമായൊരു ശൈലിയില്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ലമുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്,’ എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

Content Highlight: MG Sreekumar Talks About Mohanlal And Thudarum Movie