പ്രേമലുവിലെ ‘പാൽമണക്ക്ത്‌’ എന്ന പാട്ടു പാടിയ പെൺകുട്ടിയെ സിനിമാ പ്രേമികൾ ഒരിയ്ക്കലും മറക്കാനിടയില്ല. അത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു സീനായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിലെ ആ പാട്ട് രംഗം. എന്നാൽ അതിനും മുമ്പ് മഴവിൽ മനോരയിലെ ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തന്നെ മീനാക്ഷി രവീന്ദ്രൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മഴവിൽ മനോരയിലെ തന്നെ ‘ഉടൻ പണം 3.0’ എന്ന ഗെയിം ഷോയിൽ ആങ്കറായതിലൂടെ കൂടുതൽ ജനപ്രീതി നേടാൻ താരത്തിന് കഴിഞ്ഞു.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലും പ്രധാന വേഷം മീനാക്ഷി ചെയ്തിട്ടുണ്ട്. തിയേറ്ററിലും ഒ.ടി.ടിയിലുമായി ബെത്‌ലഹേമെന്ന റോം-കോം സിനിമക്ക് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയിൽ അവസരങ്ങൾ ചോദിച്ച് വാങ്ങേണ്ടത് നമ്മുടെ ആവശ്യമാണെന്നാണ് താരം പറയുന്നത്. ഡ്രീംലൂപ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി ഇക്കാര്യം പങ്ക് വെച്ചത്.

മാലികിലെ രംഗം.Photo.Screen Grab/Youtube.com

‘നമുക്കാണ് സിനിമ ആവശ്യം. ഇവർക്കാർക്കും നമ്മളെ ആവശ്യമില്ല. അപ്പോൾ നമ്മൾ നിൽക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്ക് സിനിമയും റോളും കിട്ടാണെങ്കിൽ നമ്മൾ പോയി ചാൻസ് ചോദിക്കണം. അങ്ങനെ ചോദിക്കുന്നതുകൊണ്ട് പ്രശ്നമില്ല, എന്നുവച്ച് ഒരാളെ പോയി ശല്യം ചെയ്യണമെന്നല്ല. അങ്ങനെ ചെയ്യുമ്പോൾ കേൾക്കുന്നവനും ബുദ്ധിമുട്ടാവും. നമുക്ക് റിമൈൻഡ് ചെയ്യാം എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേയെന്ന്. അങ്ങനെ പറഞ്ഞാൽ റെസ്പോണ്ട് ചെയ്യുന്ന ഡയറക്ടേഴ്‌സുണ്ട്.’ മീനാക്ഷി പറഞ്ഞു.

തനിക്കിതെല്ലാം ആദ്യം മടിയായിരുന്നെന്നും ആഗ്രഹമുണ്ടായിട്ടും അവരെന്തെങ്കിലും മോശം വിചാരിക്കുമോയെന്ന് കരുതിയിട്ട് ചോദിക്കാതിരുന്നിട്ടുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. ഒരു ഡയറക്ടറോട് അങ്ങോട്ട് പോയി സംസാരിക്കുന്നതും ചാൻസ് ചോദിക്കാനാണ് എന്നുള്ളത് അവർക്കും മനസിലാവുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി. ചില ഡയറക്ടേഴ്‌സിന് അത് ഇഷ്ടമാണെന്നും ക്യാരക്ടറിനെ അന്വേഷിച്ച് നടക്കുന്ന സമയമാണെങ്കിൽ നമ്മളെ അവർ പരിഗണിക്കുമെന്നും മീനാക്ഷി വ്യക്തമാക്കി. അങ്ങനെയാണ് മാലികിലെ വേഷം തനിക്ക് കിട്ടിയതെന്നും മീനാക്ഷി പറഞ്ഞു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘തട്ടിൻപുറത്ത് അച്യുത’നായിരുന്നു മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. ‘മൂൺവാക്ക്’,’ഹൃദയം’,’പ്രേമലു’ എന്നിവയാണ് താരത്തിന്റേതായ മറ്റ് ചിത്രങ്ങൾ.

Content Highlight: Meenakshi Raveendran stated that asking for and securing opportunities in cinema was their own necessity.