വനിതകളുടെ ദല്‍ഹി പ്രിമീയര്‍ ലീഗില്‍ വൈറലായി യുവതാരം മേധാവി ബിദുരിയുടെ വിക്കറ്റ് സെലിബ്രേഷന്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് താരത്തിന്റെ വിക്കറ്റ് ആഘോഷം ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.
സെന്‍ട്രല്‍ ദല്‍ഹി ക്വീന്‍സിന്റെ താരമായ മേധാവി ബിദുരി സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന്റെ താരമായ നിഷിക സിങ്ങിനെ പുറത്താക്കിയാണ് താരം വൈറലായ ആഘോഷം നടത്തിയത്.
Jersey #67 with the 6-7 signature move 🤝
Medhavi Bidhuri just set the Delhi Premier League timeline on fire 🔥 #Cricket #DPL #T20pic.twitter.com/J40jvADD6k
— CREX (@Crex_live) August 21, 2026
മത്സരത്തില്‍ താരം ധരിച്ച ജേഴ്‌സി നമ്പറായ 67 എന്ന നമ്പറുമായി ബന്ധപ്പെട്ടതായിരുന്നു മേധാവി ബിദുരിയുടെ സെലിബ്രേഷന്‍. ഇപ്പോള്‍ ജെന്‍സികള്‍ക്കിടയില്‍ വലിയ രീതിയില്‍ ട്രെന്‍ഡിങ്ങായ ‘6-7’ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചായിരുന്നു താരത്തിന്റെ സെലിബ്രേഷന്‍.
മത്സരത്തിന്റെ 16ാം ഓവറില്‍ നിഷികയെ പുറത്താക്കിയായിരുന്നു താരത്തിന്റെ വിക്കറ്റ് ആഘോഷം. താരത്തിന്റെ സെലിബ്രേഷന്‍ വളരെ വേഗത്തിലാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയത്.
ഈ വിക്കറ്റിന് പിന്നില്‍ മറ്റൊരു കാരണവും കൂടിയുണ്ട്. കളിക്കളത്തില്‍ താന്‍ സാധാരണയായി ഉപയോഗിക്കുന്ന ജേഴ്‌സി നമ്പറായ 12 മറ്റൊരു താരം ധരിക്കുകയായിരുന്നു.
ഈ നമ്പര്‍ ലഭ്യമല്ലാത്തതിന് പിന്നാലെ തന്റെ സഹോദരിയുടെ നിര്‍ദേശ പ്രകാരമാണ് താരം 67ാം നമ്പര്‍ ജേഴ്‌സി ധരിച്ചുകൊണ്ട് കളത്തിലിറങ്ങിയത്. തന്റെ സഹോദരിയാണ് ഇത്തരത്തിലൊരു ആഘോഷം നടത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും താരം വ്യക്തമാക്കി.
മത്സരത്തില്‍ മികച്ച പ്രകടനമാണ് 20കാരിയായ ബിദുരി നടത്തിയത്. നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. ബിദുരിയുടെ മികച്ച പ്രകടനത്തിലും സെന്‍ട്രല്‍ ദല്‍ഹി ക്വീന്‍സ് പരാജയപ്പെട്ടു. 24 റണ്‍സിനായിരുന്നു സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന്റെ വിജയം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദല്‍ഹിയുടെ ഡൊമസ്റ്റിക് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ബിദുരി. അണ്ടര്‍ 19 തലത്തില്‍ ദല്‍ഹിയെ പ്രതിനിധീകരിച്ച ബിദുരി ദല്‍ഹി പ്രിമീയര്‍ ലീഗിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി ശ്രദ്ധ നേടിയ താരമാണ്.
കഴിഞ്ഞ സീസണില്‍ സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന്റെ താരമായിരുന്നു ബിദുരി. ഇത്തവണയാണ് 20കാരി സെന്‍ട്രല്‍ ദല്‍ഹി ക്വീന്‍സ് ടീമിലേക്ക് ചേക്കേറിയത്.
കഴിഞ്ഞ സീസണില്‍ സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനായി ഫൈനലില്‍ മിന്നും പ്രകടനമായിരുന്നു ബിദുരി നടത്തിയിരുന്നത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു ബിദുരി സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന് കിരീടം സമ്മാനിച്ചത്.
Content Highlight: Medhavi Bidhuris wicket celebration goes viral in the Women’s Delhi Premier League
