ആ സീനില്‍ ജഗതി ചേട്ടന്‍ കയ്യില്‍ നിന്ന് ഒരു ഡയലോഗിട്ടു, ഞാനും ലാലേട്ടനും ചിരി കടിച്ചുപിടിച്ചു: മനോജ് കെ. ജയന്‍
Film News
ആ സീനില്‍ ജഗതി ചേട്ടന്‍ കയ്യില്‍ നിന്ന് ഒരു ഡയലോഗിട്ടു, ഞാനും ലാലേട്ടനും ചിരി കടിച്ചുപിടിച്ചു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd November 2022, 10:04 am

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്ത് വന്ന ചിത്രമാണ് റോക്ക് ആന്‍ഡ് റോള്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ റായ് ലക്ഷ്മി, ജഗതി, മുകേഷ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ടായിരുന്നു. ചിത്രത്തില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മനോജ് കെ. ജയന്‍ അവതരിപ്പിച്ച സെയ്താപ്പേട്ട ഗിരി.

വളരെ കുറച്ച് സമയം മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും ആ കഥാപാത്രം തനിക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. ചിത്രത്തില്‍ ജഗതിക്കൊപ്പമുള്ള രസകരമായ ഒരു രംഗത്തെ പറ്റിയും മനോജ് കെ. ജയന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

‘ആ സീനില്‍ കോപ്പിയടിച്ച സാധനം തന്നെ സുരാജ് പാടിക്കൊണ്ടിരിക്കുകയാണ്. അവസാനം ലാലേട്ടന് സഹികെടും. ഇവനെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല, ഇവനെ അങ്ങ് കൊന്നുകളഞ്ഞേക്കാന്‍ ലാലേട്ടന്‍ പറയും. ഈ പാട്ടിന്റെ കമ്പോസിഷന്‍ കഴിയുമ്പോള്‍ ഇവനെ ഞാന്‍ കൊന്നു കുഴിച്ചു മൂടും എന്ന് ഞാന്‍ അപ്പോള്‍ പറയും. അപ്പോള്‍ ജഗതി ചേട്ടന്റെ ഒരു ഡയലോഗ് ഉണ്ട്, ആ സമയത്തെ ഇമ്പ്രൊവൈസേഷനായിരുന്നു. എന്നിട്ട് ഓന്റെ ഖബറിലെഴുതി വെക്കണം, അന്റെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി, നായിന്റെ മോനേ( ചിരിക്കുന്നു). അത് കുറച്ച് ഇമ്പ്രൊവൈസേഷനായിരുന്നു. ഞങ്ങള്‍ ചിരി പിടിച്ച് നിര്‍ത്തിയത് ഒരു വിധത്തിലാണ്. അത് നല്ല രസമുള്ള സീനാണ്.

സെയ്താപ്പേട്ട ഗിരി എന്ന കഥാപാത്രമായിരുന്നു ഞാന്‍ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. പാട്ട് പാടാന്‍ വേണ്ടി മദ്രാസില്‍ പോയിട്ട് ഒരു പാട്ടും കിട്ടാതെ അറിയാന്മേലാത്ത ഒരു റൗഡിയെ ഇടിച്ച് നിരത്തിയിട്ട്, പിന്നീട് അറിയുകയാണ് ഇടിച്ചത് ഇവിടുത്തെ ഏറ്റവും വലിയ റൗഡിയെ ആയിരുന്നു എന്ന്. അങ്ങനെ അവിടുത്തെ റൗഡി ആയി മാറുന്ന കഥാപാത്രമാണ്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മനോജ് കെ. ജയന്റെ ചിത്രം. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: Manoj k jayan also talked about an interesting scene with Jagathy in the film rock n roll