സൂര്യകുമാര്‍ യാദവിനെ മാറ്റി സഞ്ജു സാംസണെ കൊണ്ടുവരൂ, അല്ലെങ്കില്‍ അതൊരു അനീതിയാകും: ദിനേഷ് കാര്‍ത്തിക്
Sports
സൂര്യകുമാര്‍ യാദവിനെ മാറ്റി സഞ്ജു സാംസണെ കൊണ്ടുവരൂ, അല്ലെങ്കില്‍ അതൊരു അനീതിയാകും: ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd November 2022, 9:29 am

സൂര്യകുമാര്‍ യാദവിന് വിശ്രമം നല്‍കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്ലെയിങ് ഇലവനില്‍ കൊണ്ടുവരണമെന്ന് ദിനേഷ് കാര്‍ത്തിക്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20 മത്സരത്തിലാണ് സഞ്ജുവിനെ കളത്തിലിറക്കണമെന്ന് ദിനേഷ് കാര്‍ത്തിക് ആവശ്യപ്പെട്ടിരിക്കുന്നത്.

നാപ്പിയറിലെ മക്‌ലീന്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് മികച്ച പെര്‍മോന്‍സ് കാഴ്ച വെക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജുവിന് റീപ്ലെയ്‌സ് ചെയ്യാന്‍ കഴിയുന്ന ഒരോയൊരു കളിക്കാരന്‍ സൂര്യകുമാര്‍ യാദവാണ്. സൂര്യകുമാറിന് ഈ കളിയില്‍ നിന്നും ഒരു ബ്രേക്ക് കൊടുത്ത് ഏകദിന മത്സരത്തില്‍ തിരിച്ചുവരാം. മറ്റുള്ളവര്‍ക്ക് അധികം മത്സരങ്ങള്‍ കളിക്കാന്‍ അവസരം കിട്ടാത്തതുകൊണ്ട് അവരെ ഒഴിവാക്കിയാല്‍ അത് ശരിയാകില്ല.

സഞ്ജുവിന് നാപ്പിയറിലെ കണ്ടീഷനനുസരിച്ച് കളിക്കാന്‍ പറ്റും. അടുത്ത മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെയല്ല സഞ്ജു സാംസണെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്,’ ക്രിക്ബസിന് നല്‍കിയ പ്രതികരണത്തില്‍ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ലോകകപ്പിന് തൊട്ടു പിന്നാലെയെത്തിയ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടതോടെ ആരാധകര്‍ ഏറെ ആഹ്ലാദിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരം മഴ കൊണ്ടുപോവുകയും രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ തഴയുകയും ചെയ്തതോടെ ആരാധകരൊന്നാകെ നിരാശരായി. ആ നിരാശ അവര്‍ പരസ്യമായി തന്നെ പ്രകടപ്പിക്കുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നെങ്കിലും ടീം സെലക്ഷനില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയായിരുന്നില്ല. സഞ്ജു സാംസണ് അവസരം നല്‍കാത്തതിന്റെ പേരില്‍ വലിയ രോഷമായിരുന്നു ഉയര്‍ന്നിരുന്നത്. ഈ പശ്ചാത്തലത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ വാക്കുകളെ ആവേശത്തോടെയാണ് സഞ്ജു ഫാന്‍സ് സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു സഞ്ജു സാംസണ്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടി-20 പരമ്പരയില്‍ വിക്കറ്റിന് പിറകിലെ സഞ്ജുവിന്റെ പ്രകടനമായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

ഇതിന് പുറമെ ബാറ്റിങ്ങിലും താരം മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിന് ശേഷം പ്രഖ്യാപിച്ച ഏഷ്യാ കപ്പ് സ്‌ക്വാഡിലോ ലോകകപ്പ് സ്‌ക്വാഡിലോ സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

 

സഞ്ജു പല മത്സരങ്ങളിലായി തന്റെ കഴിവ് തെളിയിച്ചിട്ടും അവസരം നല്‍കാന്‍ സെലക്ടര്‍മാരും ടീമും തയ്യാറാകുന്നില്ലെന്നാണ് ആരാധകരുടെ ആരോപണം. മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയും നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

‘നിങ്ങള്‍ സഞ്ജു സാംസണെ പരമ്പരയുടെ ഭാഗമായി ടീമിലെടുത്തു. അയാളെ കളിപ്പിക്കുകയാണെങ്കില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കും? മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാണ് കളിക്കുന്നത്. സൂര്യകുമാര്‍ നാലാമനായും ഹര്‍ദിക് പാണ്ഡ്യ അഞ്ചാമനായും കളത്തിലിറങ്ങും. അങ്ങനെയെങ്കില്‍ സഞ്ജു എവിടെ കളിക്കും? സഞ്ജുവിന് ടീമില്‍ സ്ഥാനമില്ലാതെ വരും,’ ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം സൂര്യകുമാര്‍ പൊസിഷനില്‍ നിന്നും ഒരിക്കലും മാറരുതെന്നും ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ലെങ്കില്‍ നാലാം നമ്പറിന് താഴെ പോകരുത്. ഹര്‍ദിക് അഞ്ചാമനായോ അതിന് മുമ്പോ തന്നെ ഇറങ്ങണമെന്നും ആകാശ് ചോപ്ര പറഞ്ഞിരുന്നു.

Content Highlight: Dinesh Karthik says Sanju Samson should play instead of Suryakumar Yadav in the next T20 Match against New Zealand