ജില്ലകളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് പരിഗണിക്കണമെന്ന് മഞ്ഞളാംകുഴി അലി; ഇത്രയും അബദ്ധ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി
Kerala News
ജില്ലകളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് പരിഗണിക്കണമെന്ന് മഞ്ഞളാംകുഴി അലി; ഇത്രയും അബദ്ധ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 2:19 pm

തിരുവനന്തപുരം: എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് വേണമെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലി. നിയമസഭയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെയായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യം.

‘സില്‍വര്‍ലൈന്‍ പദ്ധതി ഒരുപാട് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ. കാര്‍ഷികോത്പാദനം നഷ്ടപ്പെടും, ഫലഭൂയിഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും, അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേപോലെ പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയ സാധ്യതയുള്ളതുമാണ്. ഇതിനാല്‍ തന്നെ ഈ പദ്ധതി കേരളത്തിന് യോജിച്ചതല്ല’. മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം പെട്ടെന്ന് യാത്രക്കാരെ എത്തിക്കാന്‍ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന വിമാന, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.

എന്നാല്‍ മുസ്‌ലിം ലീഗ് എം.എല്‍.എയുടെ ചോദ്യത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. ‘അദ്ദേഹം നിയമസഭാംഗം ആകുന്നതിന് മുമ്പ് നല്ല വ്യവസായി ആയിരുന്നു. കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ നടത്താന്‍ ശേഷിയുള്ള ആളാണ് അദ്ദേഹമെന്നാണ് ഞാന്‍ കരുതിയിരുന്നത്’. ഇങ്ങനൊരാള്‍ക്ക് ഇത്രയും അബദ്ധമായ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി എം.എല്‍.എ ഉദ്ദേശിച്ച പോലുള്ള പാരിസിഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് ഇതെന്നും, ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി.

‘സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് കെ-റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

അനുമതി ലഭിക്കുമെന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചിരുന്നത്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

കേരളത്തിന് അര്‍ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ ലൈനെന്നോ കെ-റെയില്‍ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്‌നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി.

സംസ്ഥാനം ഒരു അര്‍ധ അതിവേഗ റെയില്‍ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കില്‍ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിന്‍ വേണമെന്ന് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കെതിരായ സമരത്തില്‍ ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിനാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളതെന്നും, ഈ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.

Content Highlight: Manjalamkuzhi Ali’s question in Niyamasabha, he wants an air service connecting all the districts