സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന് കര്‍ശന ഉപാധികളോടെ ജാമ്യം
Kerala News
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന് കര്‍ശന ഉപാധികളോടെ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 1:24 pm

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇടുക്കി സ്വദേശിയായ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ കേസിലാണ് സൂരജ് പാലാക്കാരനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനൊപ്പം, ജാതീയമായി യുവതിയെ അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.

ക്രൈം പത്രാധിപര്‍ ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരന്‍ സമൂഹ മാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് ക്രൈം നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി കൂടിയായ യുവതി പരാതി നല്‍കിയത്.

അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരന്‍ യൂട്യൂബ് വീഡിയോ പുറത്തുവിട്ടത്. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിയായ യുവതി പൊലീസിനെ സമീപിച്ചതും പരാതി നല്‍കിയതും.

ഇതോടെ സൂരജ് പാലാക്കാരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ ഡിജിറ്റല്‍ ഇടങ്ങളും പൊതു ഇടങ്ങളാണെന്നും ഇവിടെ സ്ത്രീകളെ അപമാനിക്കുന്നത് കുറ്റകരമാണെന്നും വ്യക്തമാക്കി ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സൂരജ് പാലാക്കാരന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശം അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നാണ് ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അന്ന് വ്യക്തമാക്കിയത്.

പ്രതിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു. ഇതോടെയാണ് സൂരജ് പാലാക്കാരന്റെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്.

Content Highlight: Vlogger Sooraj Palakkaran got bail from Kerala High Court in Woman Abuse case