ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍
national news
ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 1:49 pm

ഹൈദരാബാദ്: ഹൈദരാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ കസ്റ്റഡിയില്‍. കരിംനഗര്‍ പൊലീസാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു ബന്ദി സഞ്ജയ് കുമാര്‍ രംഗത്തെത്തിയത്.

ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ മുഖ്യമന്ത്രി കല്‍വകുന്ത്ല കവിതയുടെ പേര് ബി.ജെ.പിക്കാര്‍ പരാമര്‍ശിച്ചിരുന്നു. മദ്യമാഫിയക്കും ആം ആദ്മി സര്‍ക്കാരിനും ഇടയിലുള്ള ഇടനിലക്കാരിയാണ് കവിത എന്നായിരുന്നു ബി.ജെ.പിയുടെ പരാമര്‍ശം. വിഷയത്തില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കവിതയുടെ വീടിന് മുമ്പില്‍ പ്രതിഷേധമുയര്‍ത്തിയത്.

സംഭവത്തില്‍ പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ മതിയായ ചികിത്സ പോലും ഉറപ്പാക്കാതെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തുന്നത് തെറ്റാണെന്നും സഞ്ജയ് കുമാര്‍ പ്രതികരിച്ചിരുന്നു.

പരിക്കേറ്റ ബി.ജെ.പി നേതാക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ചികിത്സ നല്‍കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. പൊലീസ് കേസുകളും ടി.ആര്‍.എസ് ഗുണ്ടകളുടെ ആക്രമണവും ബി.ജെ.പി ഭയപ്പെടുന്നില്ലെന്നും മദ്യ കുംഭകോണത്തിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP leader who called for protest against detention of BJP workers arrested