ഈ ലോകം എന്റെ പൊട്ടന്‍ഷ്യല്‍ കണ്ടോ എന്നൊന്നും ചിന്തിക്കാറില്ല, ഞാന്‍ പരിശ്രമിക്കുന്നത് മറ്റൊന്നിനാണ്; വൈറലായി മമ്മൂട്ടിയുടെ ബി.ബി.സി അഭിമുഖത്തിലെ ഭാഗങ്ങള്‍
Entertainment
ഈ ലോകം എന്റെ പൊട്ടന്‍ഷ്യല്‍ കണ്ടോ എന്നൊന്നും ചിന്തിക്കാറില്ല, ഞാന്‍ പരിശ്രമിക്കുന്നത് മറ്റൊന്നിനാണ്; വൈറലായി മമ്മൂട്ടിയുടെ ബി.ബി.സി അഭിമുഖത്തിലെ ഭാഗങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 6:46 pm

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ഘട്ടമായാണ് 2022 വിലയിരുത്തപ്പെടുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളും പ്രമേയങ്ങളുമായി എത്തിയ മമ്മൂട്ടിയുടെ സിനിമകള്‍ തിയേറ്ററിലും വിജയം നേടി.

ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക് എന്നീ സിനിമകളാണ് ഇക്കൂട്ടത്തില്‍ ഏറെ പ്രശംസ നേടിയത്. ഈ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം നടനെന്ന നിലയില്‍ അദ്ദേഹത്തെ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നതായിരുന്നു.

 

ഈ പശ്ചാത്തലത്തില്‍, അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് പല തവണ സംസാരിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ബി.സിക്ക് നല്‍കിയ ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മമ്മൂട്ടിയുടെ മുഴുവന്‍ പൊട്ടന്‍ഷ്യലും ലോകം കണ്ടു കഴിഞ്ഞോ അതോ ഇനിയും കാണാനേറെയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് വീഡിയോയില്‍ മമ്മൂട്ടി.

‘ഈ ലോകം എന്റെയുള്ളിലെ പൊട്ടന്‍ഷ്യല്‍ കാണാനായി കാത്തിരിക്കുകയാണോ എന്ന കാര്യത്തെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. എന്നില്‍ കാണാനുള്ളതൊക്കെ ഈ ലോകം കണ്ടുകഴിഞ്ഞാല്‍ പിന്നെ ഞാന്‍ കൂടുതല്‍ പരിശ്രമിക്കില്ലല്ലോ.

എന്നില്‍ തന്നെ എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് അന്വേഷിക്കുകയാണ് ഞാന്‍. കൂടുതല്‍ ആഴത്തില്‍ എന്നെ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്യുകയാണ്. അഭിനയത്തോട് എനിക്ക് വല്ലാത്തൊരു അഭിനിവേശമാണ്, പ്രണയമാണ്, ഭ്രാന്താണ്,’ എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍.

ഇതിന് പിന്നാലെ, അപ്പോള്‍ ഈ പാഷനാണോ നിങ്ങളുടെ വിജയരഹസ്യമെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി, അതാണോ രഹസ്യമെന്ന് തനിക്ക് അറിയില്ലെന്നും അഭിനയത്തെ കുറിച്ച് താന്‍ പാഷനേറ്റാണെന്ന് മാത്രമേ പറയാനാകൂവെന്നാണ് മമ്മൂട്ടി പറയുന്നത്.

അഭിനയത്തോടും സിനിമയോടുമുള്ള എന്റെ അഭിനിവേശം കുറഞ്ഞുപോകരുതേ എന്ന് മാത്രമാണ് തന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

റിലീസിനൊരുങ്ങുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കവും ജിയോ ബേബിയുടെ കാതലുമാണ് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത മമ്മൂട്ടി ചിത്രങ്ങള്‍. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രങ്ങള്‍ കൂടിയാണിത്.

ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറും തെലുങ്ക് ചിത്രം ഏജന്റും നവംബറില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങളാണ്.

Content Highlight: Mammootty’s old interview in BBC goes viral