ധ്രുവനാകാന്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നു, ഞാന്‍ അല്ലായിരുന്നു ശരിക്കും ഈ റോള്‍ ചെയ്യേണ്ടിയിരുന്നത്: ഷൈന്‍ ടോം ചാക്കോ
Entertainment news
ധ്രുവനാകാന്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നു, ഞാന്‍ അല്ലായിരുന്നു ശരിക്കും ഈ റോള്‍ ചെയ്യേണ്ടിയിരുന്നത്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 5:23 pm

ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന കുമാരി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിര്‍മല്‍ സഹദേവാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്.ഐശ്വര്യ അവതരിപ്പിക്കുന്ന കുമാരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ഷൈനിന്റെ കഥാപാത്രമെത്തുന്നത്.

കുമാരിയിലെ ധ്രുവനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ആദ്യം ധ്രുവന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് റോഷന്‍ മാത്യു ആയിരുന്നെന്നും കഥകേട്ടപ്പോള്‍ തനിക്ക് വളരെ പുതുമ തോന്നിയെന്നും ഷൈന്‍ പറഞ്ഞു. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കുമാരിയെക്കുറിച്ച് ഷൈന്‍ പറഞ്ഞത്.

”ആദ്യം രാഹുല്‍ മാധവിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു എന്നോട് പറഞ്ഞത്. പിന്നെ അതങ്ങനെ വിട്ട് പോയി. പിന്നെ എന്നെ വിളിച്ച് പറഞ്ഞു കുമാരി റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുവാണ് നിര്‍മലിന് എന്റെ അടുത്ത് കഥ പറയണമെന്ന്. രണ്ട് മൂന്ന് ദിവസം മുന്നേ നിര്‍മല്‍ എന്റെ അടുത്ത് കഥ പറഞ്ഞതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. കുമാരി കുറച്ച് സീരിയസാണ് ഒന്നുകൂടെ പറയണമെന്ന് പറഞ്ഞു.

കുറച്ച് രാത്രി ആയി ഞാന്‍ കഥ കേള്‍ക്കാന്‍ ചെന്നു. കഥ പറഞ്ഞ് നിര്‍മല്‍ എന്നെ ഒരു അതിശയ ലോകത്തേക്ക് കൊണ്ട് പോയി. എന്റെ ചെറുപ്പത്തില്‍ കമല്‍ഹാസന്‍ സാറിന്റെ വയനാടന്‍ തമ്പാന്‍ എന്ന് പറഞ്ഞൊരു സിനിമ ഉണ്ടായിരുന്നു. അതുപോലെ ശ്രീകൃഷ്ണ പരുന്ത് എന്ന മോഹന്‍ലാലിന്റെ ഒരു സിനിമയും ഓര്‍മ വന്നു.

നിര്‍മല്‍ കഥപറയുമ്പോള്‍ ധ്രുവന്‍ എന്നിങ്ങനെ ഇടക്കിടക്ക് പറയുന്നുണ്ട്. ധ്രുവന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. എടാ നീ ആണെന്ന് അവന്‍ എന്നോട് പറഞ്ഞു. കുമാരി എന്നൊരു ചിത്രത്തില്‍ ധ്രുവനില്ല ശരിക്ക്. എന്നാല്‍ കുമാരിയുടെ അടുത്തായി ചെറുതായി വന്ന് ഇടക്ക് ഒപ്പം നില്‍ക്കും പിന്നെ ഉണ്ടാവില്ല.

സാധാരണ ഒരു സിനിമയില്‍ നമ്മള്‍ ചെയ്യുന്നത് പൊളിറ്റിക്കലായ കുറേ പ്രശ്‌നങ്ങള്‍ പക്ഷേ ഇതില്‍ കുറേ കെട്ട് കഥകളാണ് ധ്രുവന് ഫേസ് ചെയ്യാനുള്ളത്. റോഷനാണ് ആദ്യം ഈ റോള്‍ ചെയ്യേണ്ടിയിരുന്നത്. ഡേറ്റിന്റെ പ്രശ്‌നമുള്ളത് കൊണ്ടാണ് അവന് ചെയ്യാന്‍ പറ്റാതിരുന്നത്.

കുറച്ച് ദിവസം കൊണ്ട് എങ്ങനെ അത് ചെയ്യുമെന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അത്രമാത്രം ചെയ്യാനുണ്ട്. എല്ലാമെനിക്ക് പുതിയതായിരുന്നു,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

content highlight: actor shine tom chakko about druvan character in the movi kumari