കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്നിലെ പെര്‍ഫോമറെ തേച്ചുമിനുക്കിക്കൊണ്ട് സിനിമാലോകത്തെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ ഭയക്കുന്ന കഥാപാത്രങ്ങളെപ്പോലും ധൈര്യമായി സമീപിച്ച് അതിനെ ഗംഭീരമായി പകര്‍ന്നാടുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. ഭ്രമയുഗം, കാതല്‍, കളങ്കാവല്‍ തുടങ്ങിയ സിനിമകള്‍ അതിനുദാഹരണമാണ്.
എന്നാല്‍ ഇത്തരം ഗംഭീര പ്രകടനങ്ങള്‍ക്കിടയില്‍ ഗ്ലിച്ച് പോലെ ചില സിനിമകള്‍ വന്ന് അതിന്റെ ശോഭക്ക് മങ്ങലേല്‍പിക്കുന്നത് കാണാനാകും. ഒ.ടി.ടിക്ക് പോലും വേണ്ടാത്ത ബസൂക്ക അതിന് ഉദാഹരണമാണ്. 2026 മമ്മൂട്ടി എന്ന നടനും താരത്തിനും ഇതുവരെ തിളങ്ങാനാകാത്ത വര്‍ഷമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടി ഭാഗമായ രണ്ട് സിനിമകളാണ് ഈ വര്‍ഷം ഇതുവരെ തിയേറ്ററുകളിലെത്തിയത്.
ചത്താ പച്ച, പേട്രിയറ്റ് Photo: Reddit, IMDB
അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ചയിലെ കാമിയോയായിരുന്നു ഇതില്‍ ആദ്യത്തേത്. WWEയെ അനുകരിച്ച് ഒരുക്കിയ ചിത്രത്തില്‍ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആദ്യം മുതല്‍ നല്‍കിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ വാള്‍ട്ടര്‍ക്ക് സാധിച്ചില്ല. കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ പേട്രിയറ്റും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി.
ഈ വര്‍ഷം മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്ന മറ്റൊരു സിനിമ റിലീസിന് തയാറെടുക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡറില്‍ മമ്മൂട്ടി എക്സ്റ്റന്‍ഡഡ് കാമിയോയായി പ്രത്യക്ഷപ്പെടുന്നുണ്ട്. കരിയറില്‍ വലിയ ഫാന്‍ ഫോളോയിങ്ങുള്ള കാരിക്കാമുറി ഷണ്മുഖനായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.
ലോ ആന്‍ഡ് ഓര്‍ഡര്‍ Photo: Wafa Bappus/ Facebook
കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പിന്നാലെ മമ്മൂട്ടിയുടെ ലൊക്കേഷന്‍ ചിത്രവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രകാശ് വര്‍മ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഷണ്മുഖന്റെ ഗെറ്റപ്പില്‍ നില്‍ക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിലുള്ളത്. ഈ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.
ഫീല്‍ഡൗട്ടായി നില്‍ക്കുന്ന രഞ്ജിത്, ഉദയകൃഷ്ണ എന്നിവരെ വിശ്വസിച്ച് കരിയറിലെ ഐക്കോണിക് കഥാപാത്രമായി വീണ്ടും വേഷമിട്ടത് മണ്ടത്തരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സി.ബി.ഐ 5ലെ സേതുരാമയ്യര്‍, മധുരരാജയിലെ രാജ, ആഗസ്റ്റ് 15ലെ പെരുമാള്‍, ബല്‍റാം vs താരാദാസ് എന്നീ കഥാപാത്രങ്ങളെപ്പോലെ ഷണ്മുഖനും ട്രോള്‍ മെറ്റീരിയലാകാന്‍ സാധ്യതയുണ്ടെന്നാണ് പല പോസ്റ്റുകളും.
മമ്മൂട്ടി Photo: Screen grab/ The Hollywood Reporter India
അസുഖത്തില്‍ നിന്ന് മോചിതനായ ശേഷം മമ്മൂട്ടി ആദ്യം പൂര്‍ത്തിയാക്കിയ സിനിമകളിലൊന്നായിരുന്നു ലോ ആന്‍ഡ് ഓര്‍ഡര്‍. ശാരീരിക അവശതകള്‍ എടുത്തറിയുന്ന അവസരത്തില്‍ ചെയ്ത സിനിമയായതിനാല്‍ പഴയ ഷണ്മുഖന്റെ എനര്‍ജിയും ഗ്രേസും മമ്മൂട്ടിയില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Mammootty’s new look from Law and Order viral in social media