അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നും പല സിനിമാചര്‍ച്ചകളിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സംസാരവിഷയമായി കടന്നുവരുന്നുണ്ട്.
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രമാണ് ഇത്. ഷെര്‍ലക് ഹോംസിന്റെ ഷേഡുകളുള്ള കോമിക് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയെ സിമ്പിളായും സ്റ്റൈലിഷായും കാണാന്‍ സാധിച്ച ചിത്രം കൂടിയായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.
ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ സിമ്പിളായി അവതരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. നൂറ് പേരെ ഇടിച്ചിടുന്ന കഥാപാത്രമായി ഡൊമിനിക്കനെ അവതരിപ്പിക്കാനുള്ള സ്‌കോപ്പുണ്ടായിട്ടും അതൊന്നും വേണ്ടെന്ന് വെച്ചതാണ് ഈ സിനിമയുടെ പ്രത്യേകതയെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം നായകന്മാരെ ഒരുപാട് കണ്ടവരാണ് പ്രേക്ഷകരെന്നും ഡൊമിനിക് എന്ന ക്യാരക്ടര്‍ അതില്‍ നിന്ന് വ്യത്യസ്തമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ആ കഥാപാത്രത്തിന് കുറച്ചുകൂടി സ്വാഗ് നല്‍കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചെന്നും എന്നാല്‍ അത് വേണ്ടെന്ന് താന്‍ മറുപടി നല്‍കിയെന്നും മമ്മൂട്ടി പറഞ്ഞു. സ്വാഗുള്ള കഥാപാത്രം താന്‍ കുറേ ചെയ്തിട്ടുണ്ടെന്ന് സംവിധായകനോട് പറഞ്ഞെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. വളരെ റൂട്ടഡായിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലാണ് പുതുമയെന്നും മമ്മൂട്ടി പറയുന്നു. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കുന്നതിലേക്ക് പ്രേക്ഷകര്‍ വളര്‍ന്നതാണ് സിനിമയുടെ വിജയമെന്നും മമ്മൂട്ടി പറഞ്ഞു.
‘ഈ കഥാപാത്രത്തെ വേണമെങ്കില്‍ കുറച്ച് ഓവര്‍ ദി ടോപ്പായി പ്രസന്റ് ചെയ്യാമായിരുന്നു. എങ്ങനെ പ്രസന്റ് ചെയ്യണമെന്ന കാര്യത്തില്‍ ഞാന്‍ അവര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടില്ല. അവരുടെ ആഗ്രഹത്തിനനുസരിച്ച് നിന്നുകൊടുത്തെന്നേയുള്ളൂ. വേണമെങ്കില്‍ ഡൊമിനിക്ക് എന്ന ക്യാരക്ടറിനെ 100 പേരെ അടിച്ചിടുന്ന ഒരാളായി കാണിക്കാമായിരുന്നു. അത്തരം ക്യാരക്ടേഴ്‌സിനെ നമ്മള്‍ ഒരുപാട് കണ്ടിട്ടുള്ളതാണല്ലോ.
അപ്പോള്‍ അതില്‍ നിന്ന് മാറി, കുറച്ചുകൂടി റൂട്ടഡായിട്ട് ഈ ക്യാരക്ടറിനെ പ്രസന്റ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ ക്യാരക്ടറിന് കുറച്ചുകൂടി സ്വാഗ് നല്‍കാമെന്ന് ഡയറക്ടര്‍ സാര്‍ സജസ്റ്റ് ചെയ്തിരുന്നു. പക്ഷേ, അത് വേണ്ടെന്ന് ഞാന്‍ പറയുകയായിരുന്നു. കാരം, നമ്മള്‍ ചെയ്യാത്ത സ്വാഗൊന്നുമില്ലല്ലോ. ഈ ക്യാരക്ടര്‍ അങ്ങനെയുള്ള ഒരാളല്ലല്ലോ. അത്തരം കഥാപാത്രങ്ങളെയും സ്വീകരിക്കുന്നതിലേക്ക് പ്രേക്ഷകന്‍ വളര്‍ന്നതാണ് യഥാര്‍ത്ഥ വിജയം,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty about his character in Dominic and the Ladies Purse movie