ചാറ്റ് ജി.പി.ടിയുമില്ല, തമിഴാളവുമില്ല; ഇത്തവണ മലയാളിയെ കൂട്ടുപിടിച്ച് നടത്തിയ അനിരുദ്ധ് കത്തിക്കല്‍... തിയേറ്ററുകള്‍ ഇളക്കിമറിച്ച ബും ബാ ഡിഗ
Indian Cinema
ചാറ്റ് ജി.പി.ടിയുമില്ല, തമിഴാളവുമില്ല; ഇത്തവണ മലയാളിയെ കൂട്ടുപിടിച്ച് നടത്തിയ അനിരുദ്ധ് കത്തിക്കല്‍... തിയേറ്ററുകള്‍ ഇളക്കിമറിച്ച ബും ബാ ഡിഗ
അമര്‍നാഥ് എം.
Monday, 10th August 2026, 4:05 pm

തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് തമിഴ് ചിത്രം ഡി.സി. തമിഴിലെ ബ്രാന്‍ഡ് ഡയറക്ടര്‍ ലോകേഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറി. കേരളത്തിലും ഡി.സിക്ക് ഗംഭീര വരവേല്പാണ് ലഭിക്കുന്നത്. പലയിടത്തും ചിത്രം ഹൗസ്ഫുള്ളാണ്. പുതുമയില്ലാത്ത കഥയുടെ ഗംഭീര അവതരണമാണ് ഡി.സിയുടേത്.

ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവായി പലരും എടുത്തുപറയുന്ന ഒന്നാണ് അനിരുദ്ധ് നല്‍കിയ സംഗീതം. ഒരു സിനിമയെ ബി.ജി.എം എത്രത്തോളം സഹായിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡി.സി. കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്ന് ട്രാക്ക് മാറിയാണ് അനി ഡി.സിയെ സമീപിച്ചത്. ഓരോ ബി.ജിഎമ്മും തിയേറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്.

ചിത്രത്തിലെ മികച്ച ഗാനങ്ങളിലൊന്നായിരുന്നു ‘ബും ബാ ഡിഗ’. സിനിമയിലെ ഏറ്റവും ഗംഭീര മൊമന്റുകളിലൊന്നിലാണ് ഈ ഗാനം പ്ലെയ്‌സ് ചെയ്തത്. അനിരുദ്ധിന്റെ സംഗീതത്തിനെ കൂടുതല്‍ തീ പിടിപ്പിച്ചത് വേടന്റെ ശബ്ദം കൂടി വന്നപ്പോഴാണ്. ഹൈസന്‍ബെര്‍ഗും വേടനും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ വരികളെഴുതിയത്.

സാധാരണയായി തമിഴ് സിനിമകളില്‍ ഉപയോഗിക്കുന്ന മലയാളം പലപ്പോഴും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. തമിഴുമല്ല മലയാളവുമല്ലാത്ത ഇത്തരം ‘തമിഴാള’ ഡയലോഗുകളും പാട്ടുകളും മലയാളഭാഷയെ അപമാനിക്കുന്നത് പോലെയാണെന്നായിരുന്നു പലരുടെയും വിമര്‍ശനം. അനിരുദ്ധിന്റെ തന്നെ മുന്‍ചിത്രമായ വേട്ടൈയനില്‍ ‘മനസിലായോ’ എന്ന പാട്ട് ഒരുപാട് വിമര്‍ശനത്തിന് ഇരയായിരുന്നു.

മലയാളം അറിയാത്തതുകൊണ്ട് ചാറ്റ് ജി.പി.ടി ഉപയോഗിച്ചും അറിയാവുന്ന മലയാളം ഉപയോഗിച്ചുമാണ് ആ പാട്ടിന്റെ വരികളെഴുതിയതെന്ന് അനിരുദ്ധ് പറഞ്ഞത് വലിയ ചര്‍ച്ചയായി. വിമര്‍ശനങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടായിരിക്കും ഇത്തവണ മലയാളിയെക്കൊണ്ട് വരികളെഴുതിച്ചതെന്ന് കരുതാം. അതും വരികളിലൂടെ തീ പടര്‍ത്തുന്ന വേടനായപ്പോള്‍ ‘ബും ബാ ഡിഗ’ കൂടുതല്‍ മികച്ചതായി മാറി.

ചിത്രത്തിലെ മറ്റ് സ്‌കോറുകളും പലരുടെയും പ്ലേലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു. അടുത്തിടെ ചെയ്ത ചില ബി.ജി.എമ്മുകളില്‍ ആവര്‍ത്തനവിരസത വന്നതോടെ അനിരുദ്ധിന്റെ കാലം കഴിഞ്ഞെന്നും തമിഴ് സിനിമ സായ് അഭ്യങ്കര്‍ ഭരിക്കുമെന്നെല്ലാം പറഞ്ഞവരുടെ വായടപ്പിക്കാനും ഡി.സിയിലൂടെ സാധിച്ചു. ഗോട്ട് അനി എന്നത് മാറ്റി ഗോഡ് അനി എന്നാണ് ഇപ്പോള്‍ പലരും അനിരുദ്ധിനെ വിളിക്കുന്നത്.

Content Highlight: Malayalam Lyrics in DC movie songs getting appreciation

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം