കര്‍ഷക മഹാപഞ്ചായത്ത് ഇന്ന്; താങ്ങുവിലയുള്‍പ്പെടെ ഒമ്പത് കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് ആവശ്യം
national news
കര്‍ഷക മഹാപഞ്ചായത്ത് ഇന്ന്; താങ്ങുവിലയുള്‍പ്പെടെ ഒമ്പത് കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 8:00 am

ന്യൂദല്‍ഹി:കര്‍ഷകരുടെ മഹാപഞ്ചായത്തിന് ഇന്ന് ദല്‍ഹിയില്‍ തുടക്കമാകും. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഇന്ന് സംഘടിക്കുന്നത്. രാഷ്ട്രീയത്തിനതീതമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മഹാപഞ്ചായത്തിന് ദല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടില്ല.

താങ്ങുവില പഠിക്കാനായി സര്‍ക്കാര്‍ നേരത്തെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇന്നായിരിക്കും സമിതിയുടെ ആദ്യം യോഗം നടക്കുക. കര്‍ഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കാനിരിക്കെയാണ് നിര്‍ണായക വിഷയത്തില്‍ സമിതി ആദ്യ യോഗം ചേരുന്നതെന്ന വിമര്‍ശനവും സമിതിക്കെതിരെ ഉയരുന്നുണ്ട്.

താങ്ങുവിലയില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ സമരമുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. ഒരു വര്‍ഷവും നാല് മാസവുമാണ് കര്‍ഷക സമരം നീണ്ടുനിന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.

അന്ന് പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനത്തില്‍ വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാനുള്ള ആവശ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഒരു വര്‍ഷമായിട്ടും തീരുമാനമായിട്ടില്ല.

നിലവിലുള്ള സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണെന്നും സമിതി പ്രഹസനമാണന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപണമുന്നയിച്ചിരുന്നു. താങ്ങുവില ഒരു നിയമമാക്കാതെ ഉറപ്പുകള്‍ കൊണ്ട് കാര്യമില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

അതേസമയം സമരത്തിനായെത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച മേധാവി രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

ജന്ദര്‍ മന്ദറിലേക്കുള്ള യാത്രാമധ്യേ ഗാസിപൂരില്‍ വെച്ചായിരുന്നു ടികായത്തിനെ തടഞ്ഞുവെച്ചത്.

സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവാദമില്ലെന്ന് രാകേഷ് ടികായത്ത് പ്രതികരിച്ചു. ഈ അറസ്റ്റ് പുതിയ വിപ്ലവം കൊണ്ടുവരുമെന്നും അവസാന ശ്വാസം വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mahapanchayat of farmers will be held today in delhi, raise issues including unemployement, agneepath scheme etc