അടിത്തട്ട് പോലുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കണം: ഷൈന്‍ ടോം ചാക്കോ
Film News
അടിത്തട്ട് പോലുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കണം: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st August 2022, 11:20 pm

അള്ള് രാമേന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കുടുക്ക് 2025 റിലീസിന് ഒരുങ്ങുകയാണ്. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ നായികാനായകന്മാരാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റില്‍ തന്റെ മുന്‍ചിത്രമായ അടിത്തട്ടിനെ പറ്റിയുള്ള ഷൈന്‍ ടോം ചാക്കോയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

അടിത്തട്ട് പോലുള്ള ക്വാളിറ്റി ചിത്രങ്ങളെയാണ് എല്ലാവരും സപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും, അത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ മാത്രമേ വീണ്ടും അങ്ങനെയുള്ള പുതിയ പ്രേമേയങ്ങളുള്ള ചിത്രങ്ങള്‍ എടുക്കാന്‍ നിര്‍മാതാകള്‍ തയ്യാറാകുവെന്നുമാണ് ഷൈന്‍ പറഞ്ഞത്.

‘അടിത്തട്ട് പോലുള്ള സിനിമകള്‍ എത്ര പേര്‍ കണ്ടുവെന്ന് അറിയില്ല. ഒരുപക്ഷേ ഞാനും ചെറുപ്പത്തില്‍ അത്തരത്തിലുള്ള സിനിമകള്‍ പോയി കണ്ടില്ലെന്ന് വരാം. പക്ഷെ അങ്ങനെയുള്ള സിനിമകളെയാണ് പ്രേക്ഷകരും മാധ്യമങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത്. എന്നാല്‍ മാത്രമേ പുതിയ പ്രമേയങ്ങളില്‍ വീണ്ടും സിനിമകള്‍ എടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകു,’ ഷൈന്‍ പറയുന്നു.

അതേസമയം ഓഗസ്റ്റ് 25നാണ് കുടുക്ക് 2025 റിലീസ് ചെയ്യുന്നത്. ടെക്നോളജിയുടെ അതിപ്രസരം മനുഷ്യന്റെ സ്വകാര്യതയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് കുടുക്ക് 2025 സിനിമയുടെ പ്രമേയം.

മിസ്റ്ററി ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമയായിരിക്കും കുടുക്ക് എന്നും ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള സംഭവങ്ങളാണ് കഥയുടെ ആധാരമെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടുള്ളത്. എസ്.വി കൃഷ്ണശങ്കര്‍, ദീപ്തി റാം, ബിലഹരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കിരണ്‍ ദാസ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അഭിമന്യു വിശ്വനാഥാണ് ഛായാഗ്രഹണം.

Content Highlight: Shine Tom Chacko’s remarks about adithattu movie are gaining attention on social media