സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്
Kerala News
സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st August 2022, 11:17 pm

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം. ജെ.ഡി.ടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടി പൊലീസ് ഇടപെട്ട് റദ്ദാക്കി. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.

സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസങ്ങളിലായി ജെ.ഡി.ടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നുവരുകയായിരുന്നു. ഇന്ന് അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്.

ടിക്കറ്റുവെച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടിയുടെ വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.