അത്രയും നല്ല സീന്‍ മണിരത്‌നം സാര്‍ ഡിലീറ്റ് ചെയ്യുമെന്ന് കരുതിയില്ല, ഇന്നും എനിക്ക് അതാലോചിക്കുമ്പോള്‍ വിഷമമാണ്: മാധവന്‍
Indian Cinema
അത്രയും നല്ല സീന്‍ മണിരത്‌നം സാര്‍ ഡിലീറ്റ് ചെയ്യുമെന്ന് കരുതിയില്ല, ഇന്നും എനിക്ക് അതാലോചിക്കുമ്പോള്‍ വിഷമമാണ്: മാധവന്‍
അമര്‍നാഥ് എം.
Sunday, 9th August 2026, 9:20 pm

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മാധവന്‍. മണിരത്‌നം കൈപിടിച്ചുകൊണ്ടുവന്ന മാധവന്‍ കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ഹീറോയായാണ് തിളങ്ങിയത്. പിന്നീട് ആക്ഷന്‍ ഹീറോയായും തന്റെ കഴിവ് തെളിയിച്ച മാധവന്‍ ഇന്ന് എല്ലാതരം റോളും അനായാസം ചെയ്തുഫലിപ്പിക്കുന്ന നടന്മാരിലൊരാളാണ്.

അടുത്തകാലത്തായി മാധവന്‍ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകരെ ഞെട്ടിക്കുന്നവയാണ്. റോക്കട്രിയില്‍ നമ്പി നാരായണനായും ധുരന്ധറില്‍ അജയ് സാന്യാലായും വേഷമിട്ട താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജി.ഡി.എന്‍. ഇന്ത്യന്‍ എഡിസണെന്നറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ബയോപിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാധവന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നാണ് അലൈപായുതേ. മണിരത്‌നം അണിയിച്ചൊരുക്കിയ പ്രണയകാവ്യം ഇന്നും പലരുടെയും ഫേവറെറ്റാണ്. ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന മാധവന്‍ നായകനായി അരങ്ങേറിയത് അലൈപായുതേയിലൂടെയായിരുന്നു. ചിത്രത്തിലെ ഒരു മികച്ച സീന്‍ മണിരത്‌നം യാതൊരു ദയയുമില്ലാതെ ഒഴിവാക്കിയെന്ന് പറയുകയാണ് മാധവന്‍. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു മാധവന്‍.

അലൈപായുതേയില്‍ ഒരു ഗംഭീര സീനുണ്ടായിരുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സീനായിരുന്നു അത്. എന്റെയും ശാലിനിയുടെയും കഥാപാത്രങ്ങള്‍ കല്യാണത്തിന് ശേഷം ആ വീട്ടില്‍ താമസത്തിന് വരുന്നു. അന്ന് രാത്രി ഒരു സീനുണ്ട്. ക്യാമറമാന്‍ പി.സി ശ്രീറാം സാര്‍ മഞ്ഞ ലൈറ്റൊക്കെ കത്തിച്ചുവെച്ച് ഗംഭീരമായി സെറ്റ് ചെയ്ത് വെച്ചിരുന്നു.

ആ സീന്‍ എങ്ങനെയാണെന്ന് വെച്ചാല്‍ ശാലിനിയുടെ കഥാപാത്രം കരയുന്നു, ഞാന്‍ അവരെ ആശ്വസിപ്പിക്കുന്നു. എന്തിനാണ് കരയുന്നത് എന്ന് ചോദിക്കുന്നുണ്ട്. ‘വീട്ടുകാരെ പിരിഞ്ഞതുകൊണ്ടാണോ’ എന്ന് ചോദിക്കുമ്പോള്‍ ‘അല്ല’ എന്ന് പറയുന്നു. സന്തോഷം കൊണ്ടാണോ എന്ന് ചോദിക്കുമ്പോള്‍ ‘അതെ’ എന്ന് പറയുന്നതാണ് സീന്‍. അത് എടുത്ത രീതിയെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷേ മണി സാര്‍ ആ സീന്‍ സിനിമയില്‍ കാണിച്ചില്ല,’ മാധവന്‍ പറയുന്നു.

എന്തിനാണ് ആ സീന്‍ ഡിലീറ്റ് ചെയ്തതെന്ന് താന്‍ മണിരത്‌നത്തോട് ചോദിച്ചെന്നും കഥയുടെ ഫ്‌ളോ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും മാധവന്‍ പറഞ്ഞു. എത്ര ഗംഭീര സീനാണെങ്കിലും കഥയുടെ ഫ്‌ളോയുമായി ചേര്‍ന്നിട്ടില്ലെങ്കില്‍ കളയുന്നതാണ് മണിരത്‌നത്തിന്റെ പോളിസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Madhavan saying Maniratnam deleted his favorite scene in Alaipayuthey movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം