മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കുള്ള തന്റെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. പിന്നീട് കാര്‍ത്തിയെ നായകനാക്കി അണിയിച്ചൊരുക്കിയ കൈതി സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച ലോകേഷ് തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരുക്കിയതോടുകൂടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി.
രജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ലോകേഷിന്റെ അടുത്ത ചിത്രം. തമിഴിലെ മികച്ച നടന്മാരിലൊരാളായ സത്യരാജും കൂലിയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യരാജും രജിനികാന്തും ഒന്നിച്ചഭിനയിക്കുന്നത്. സത്യരാജുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലോകേഷ് കനകരാജ്.
ഒരുപാട് വര്‍ഷത്തിന് ശേഷമാണ് സത്യരാജ് രജിനിയോടൊപ്പം അഭിനയിക്കുന്നതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. ഷൂട്ട് തുടങ്ങി 15ാം ദിവസമായിരുന്നു സത്യരാജ് സെറ്റില്‍ ജോയിന്‍ ചെയ്തതെന്നും അദ്ദേഹത്തിന് രജിനികാന്തിനൊപ്പം കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. രജിനികാന്തിന്റെ പെര്‍ഫോമന്‍സ് എങ്ങനെയാണെന്ന് അറിയിക്കാന്‍ സത്യരാജിനെ ആ സീനുകള്‍ കാണിച്ചെന്നും ലോകേഷ് കനകരാജ് പറയുന്നു.
ആ സീനുകളെല്ലാം സത്യരാജ് ശ്രദ്ധയോടെ കണ്ടെന്നും അതിന് ശേഷം തന്നോട് ഒരു കാര്യം പറഞ്ഞെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ചിലയാളുകള്‍ നായകനായി അഭിനയിക്കാറുണ്ടെന്നും എന്നാല്‍ ചിലയാളുകള്‍ മാത്രമേ നായകനായി ജീവിക്കുകയുള്ളൂവെന്നും അത്തരത്തിലൊരാളാണ് രജിനികാന്തെന്നും സത്യരാജ് പറഞ്ഞെന്ന് ലോകേഷ് കനകരാജ് പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
‘സത്യരാജ് സാറിന് ഈ സിനിമയില്‍ ഗംഭീരമായിട്ടുള്ള വേഷമാണ്. ഒരുപാട് വര്‍ഷത്തിന് ശേഷമാണ് സത്യരാജ് സാറും രജിനി സാറും ഒന്നിച്ച് അഭിനയിക്കുന്നത്. ഷൂട്ട് തുടങ്ങി പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാണ് അദ്ദേഹം സെറ്റില്‍ ജോയിന്‍ ചെയ്തത്. രജിനി സാറുമായിട്ട് അദ്ദേഹത്തിന് കോമ്പിനേഷന്‍ സീനുകളുണ്ട്.
രജിനി സാര്‍ എന്തൊക്കെയാണ് ഇതുവരെ ചെയ്തതെന്ന് അറിയാന്‍ വേണ്ടി അദ്ദേഹത്തിന്റെ സീനുകള്‍ സത്യരാജ് സാറിനെ കാണിച്ചു. അദ്ദേഹം ആ സീനുകള്‍ ശ്രദ്ധയോടെ കണ്ടു. എല്ലാം കണ്ടതിന് ശേഷം എന്നോട് ‘ചിലയാളുകളുണ്ട്. അവര്‍ ഹീറോയായി അഭിനയിക്കും. എന്നാല്‍ ജീവിതത്തിലുടനീളം ഹീറോയായി ജീവിക്കാന്‍ രജിനിക്ക് മാത്രമേ സാധിക്കുള്ളൂ’ എന്ന് പറഞ്ഞു. അത് സത്യമാണ്. രജിനി സാറിന്റെ ഓരോ ആക്ഷനിലും നമുക്ക് അത് ഫീല്‍ ചെയ്യും,’ ലോകേഷ് കനകരാജ് പറയുന്നു.
Content Highlight: Lokesh Kanagaraj shares Sathyaraj’s comment about Rajnikanth’s performance in Coolie movie