സിനിമാപ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുകയാണ് ഈ വര്‍ഷത്തെ ഓണം റിലീസുകള്‍. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകളാണ് ഈ ഓണത്തിന് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തുന്ന ലോകാഃ, മോഹന്‍ലാലിന്റെ ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളാണ് ആദ്യം ഏറ്റുമുട്ടിയത്.
കഴിഞ്ഞദിവസം റിലീസായ രണ്ട് സിനിമകള്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഫീല്‍ഗുഡ് ഇമോഷണല്‍ ചിത്രമായി ഒരുങ്ങിയ ഹൃദയപൂര്‍വവും മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായെത്തിയ ലോകാഃയും പ്രേക്ഷകര്‍ ഏറ്റെടുത്തു. പല തിയേറ്ററുകളിലും എക്‌സ്‌ട്രോ ഷോ ചാര്‍ട്ട് ചെയ്യുകയും ചെയ്തു.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ കഴിഞ്ഞദിവസം ഇരുചിത്രങ്ങളും ഒപ്പത്തിനൊപ്പം ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിരുന്നു. മണിക്കൂറില്‍ 8000ലധികം ടിക്കറ്റുകളായിരുന്നു വിറ്റഴിക്കപ്പെട്ടത്. നേരിയ ലീഡില്‍ ലോകാഃ ആയിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ രണ്ടാം ദിനം ഇരട്ടിയിലധികം ലീഡുമായി ലോകാഃ കുതിക്കുകയാണ്.
മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക് യൂണിവേഴ്‌സിനാണ് ലോകാഃയിലൂടെ തുടക്കം കുറിച്ചത്. നാല് ഭാഗങ്ങളുള്ള കഥയിലെ ആദ്യ ചിത്രമായാണ് ലോകാഃ ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. മലയാളികള്‍ കേട്ടുവളര്‍ന്ന കഥയെ ഇന്നത്തെ കാലത്ത് കൃത്യമായി ബ്ലെന്‍ഡ് ചെയ്ത് അവതരിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചെന്ന് തന്നെ പറയാം.
കല്യാണി പ്രിയദര്‍ശനൊപ്പം നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് താരം സാന്‍ഡി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തരംഗത്തിന് ശേഷം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ലോകാഃ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Lokah Chapter One takes big lead against Hridayapoorvam in Bookmyshow