ബ്യൂണസ് ഐറിസിലെ മോന്യൂമെന്റൽ സ്റ്റേഡിയത്തിൽ കാൽപ്പന്ത് കളിയുടെ മിശിഹയുടെ അവസാന വിസിൽ മുഴങ്ങി. അർജന്റീനയുടെ നീലക്കുപ്പായത്തിൽ നേടേണ്ടതെല്ലാം നേടിയും, നൽകേണ്ടതെല്ലാം നൽകിയും മെസി പടിയിറങ്ങി. ടിവി സ്ക്രീനിന് മുന്നിലും ഗാലറികളിലും പത്താം നമ്പറുകാരനെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ യുഗം കൂടിയാണ് ഇവിടെ അവസാനിക്കുന്നത്.

2026 ലോകകപ്പിൽ കിരീടത്തിന്റെ തൊട്ടരികിൽ അർജന്റീന വീണെങ്കിലും മെസിയുടെ മായാജാലം കണ്ട് ഫുട്ബോൾ ലോകം ആവേശത്തോടെയാണ് നോക്കി നിന്നതാണ്. ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി കളംനിറഞ്ഞു കളിച്ച മെസിക്ക് ഇനിയും അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് ഫുട്ബോൾ ലോകം ഉറച്ചു വിശ്വസിച്ച സമയത്തായിരുന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

കോപ്പയിൽ കൂടി മെസി അർജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുമെന്ന് ആരാധകർ ആശിച്ചിരുന്നു. എന്നാൽ ഈ സ്വപ്നങ്ങളെയെല്ലാം തകർത്തു കൊണ്ടായിരുന്നു ഓഗസ്റ്റ് 31ന് മെസിയുടെ ഞെട്ടിക്കുന്ന പടിയിറക്കം. എങ്കിലും സ്വന്തം മണ്ണിൽ, സ്വന്തം ജനതയുടെ മുന്നിൽ അവസാനമായൊരു ആട്ടത്തിന് വേണ്ടി മെസി വീണ്ടും ബൂട്ട് കെട്ടുകയായിരുന്നു.

ബെനിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ഈ മെസിയുടെ കാൽപ്പാടുകൾ ഉണ്ടായിരുന്നു. ഒരു ഗോളും രണ്ട് അസിസ്റ്റും അവസാന അങ്കത്തിൽ നേടിയാണ് മെസി കളംവിടുന്നത്. അർജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയ 208 മത്സരങ്ങളിൽ നിന്നും 126 ഗോളുകളും 67 അസിസ്റ്റുകളും സ്വന്തമാക്കിയാണ് മെസിയുടെ അസ്തമയം.

21 വർഷം നീണ്ട ഇന്റർനാഷണൽ ഫുട്ബോൾ കരിയറിൽ അർജന്റീനക്കൊപ്പം ഒരുപിടി ചരിത്ര നേട്ടങ്ങളും സ്വന്തമാക്കിയാണ് മെസി മടങ്ങുന്നത്.

2005ൽ നടന്ന ഫിഫ അണ്ടർ 20 ലോകകപ്പ് നേടിക്കൊണ്ടാണ് മെസി ദേശീയ ടീമിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പ് നടത്തിയത്. അർജന്റീന സീനിയർ ടീമിന് വേണ്ടി മെസി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു ഈ ടൂർണമെന്റ് നടന്നിരുന്നത്.

ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും മെസിയായിരുന്നു. കലാശ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി അർജന്റീന കിരീടം ചൂടിയപ്പോൾ കലാശപോരിലെ രണ്ട് ഗോളുകളും പിറന്നത് മെസിയുടെ ഇടം കാലിൽ നിന്നായിരുന്നു. ടൂർണമെന്റിൽ ആറ് ഗോളുകൾ ആയിരുന്നു എതിരാളികളുടെ വലയിൽ മിശിഹ അടിച്ചു കയറ്റിയത്.

ഈ തിളക്കമാർന്ന പ്രകടനത്തോടെ മെസിക്ക് ആദ്യമായി അതേ വർഷം തന്നെ അർജന്റീന സീനിയർ ടീമിലേക്ക് വിളിയെത്തി. എന്നാൽ മെസിയുടെ അരങ്ങേറ്റ മത്സരം ഇന്നും ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്.

വെറും 47 സെക്കൻഡുകൾ മാത്രമായിരുന്നു അരങ്ങേറ്റ മത്സരത്തിൽ മെസിക്ക് ഗ്രൗണ്ടിൽ തുടരാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ തന്നെ റെഡ് കാർഡ് വാങ്ങി മിശിഹ പുറത്തേക്ക് നടന്നു നീങ്ങി.

അന്ന് തലതാഴ്ത്തി നടന്നു നീങ്ങിയ അന്നത്തെ ആ ചെറിയ പയ്യൻ പിന്നീട് ലോകം കീഴടക്കുന്ന ചരിത്ര നിമിഷങ്ങൾക്കായിയുന്നു ഫുട്ബോൾ ലോകം സാക്ഷികളായത്. അർജന്റീന ജേഴ്സിയിൽ ആദ്യ ഗോൾ നേടാനായി മെസിക്ക് കാത്തിരിക്കേണ്ടി വന്നത് ആറ് മത്സരങ്ങളിലാണ്.

പിന്നീട് മെസിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കളിക്കളത്തിൽ ഇടം കാലിൽ ഇന്ദ്രജാലങ്ങൾ തീർത്ത് മെസി ഫുട്ബോൾ ചരിത്രങ്ങൾ ഓരോന്നായി തിരുത്തിയെഴുതി മുന്നേറി.

2006ൽ ആദ്യമായി മെസി അർജന്റീനക്ക് വേണ്ടി ലോകകപ്പിൽ ബൂട്ട് കെട്ടി. ലോകത്തിന്റെ വിശ്വവേദിയിൽ അന്ന് അർജന്റീന ക്വാർട്ടർ ക്വാർട്ടർ ഫൈനലിൽ പോരാട്ടം അവസാനിച്ചെങ്കിലും ടൂർണമെന്റിൽ ഒരു ഗോൾ നേടി മെസി വരവറിയിച്ചു.

രണ്ട് വർഷങ്ങിൾക്കിപ്പുറം ബെയിജിങ് ഒളിമ്പിക്സിൽ അർജന്റീന സ്വർണ മെഡൽ നേടിക്കൊടുത്ത മെസി അടുത്ത ഇതിഹാസമായി മാറുമെന്ന സൂചനകൾ തന്നുതുടങ്ങി.

റൊസാരിയോയിലെ തെരുവുകളിൽ ഡിഗോ മറഡോണയുടെ പിൻഗാമിയെന്ന് പലരും മെസിയെ വാഴ്ത്തി തുടങ്ങി. ഒടുവിൽ ഡിഗോയുടെ ഇതിഹാസ പത്താം നമ്പറും മെസിയെ തേടിയെത്തി.

ഈ പ്രശസ്തികൾക്കിടയിലും അർജന്റീനക്കൊപ്പം അണ്ടർ 20 ലോകകപ്പും ഒളിമ്പിക്സ് ഗോൾഡ് മെഡലും സ്വന്തമാക്കിയെങ്കിലും അർജന്റീന സീനിയർ ടീമിന് വേണ്ടി ഒരു മേജർ ട്രോഫിയില്ലെന്ന വിമർശനങ്ങളും കുത്തുവാക്കുകളും മെസിയുടെ തലയിൽ ഒരു മുൾക്കിരീടം പോലെ നിലനിന്നു.

2007 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന് മുന്നിൽ അടിയറവ് പറഞ്ഞ് അർജന്റീനക്ക് കിരീടം നഷ്ടമായത് മുതലായിരുന്നു മെസിയുടെ പരാജയ കഥയുടെ തുടക്കം.

2014 ലോകകപ്പായിരുന്നു മെസിയുടെയും അർജന്റീനയുടെയും ഹൃദയം തകർത്ത മറ്റൊരു പരാജയം. ആ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസി സ്വന്തമാക്കിയെങ്കിലും ജർമനിക്ക് മുന്നിൽ തോൽവി സമ്മതിച്ച് പോരാട്ടം അവസാനിപ്പിച്ചു.

തന്നെ ഇതിഹാസമാക്കിയ മാറ്റിയ ബാഴ്സലോണയ്ക്ക് വേണ്ടി ക്ലബ്ബ് തലത്തിൽ ഗോളടിമികവുമായി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മെസി ഇന്റർനാഷണൽ ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി മേജർ ട്രോഫികൾ നേടുന്നതിൽ പരാജയപ്പെട്ടു. അർജന്റീനക്ക് ഒരു മേജർ ട്രോഫിയില്ലെന്ന വിമർശനങ്ങളും ചോദ്യശരങ്ങളും മെസിക്കെതിരെ ഉയരാൻ തുടങ്ങി.

2015, 2016 കോപ്പ അമേരിക്കയിൽ ചിലിയോട് പരാജയപ്പെട്ട് കപ്പിനരികെ മെസി വീണപ്പോഴും വിമർശനങ്ങളുടെ ശബ്ദം കൂടുതൽ ഉയർന്നു.

എല്ലാം നൽകി അവസാനം വരെ പോരാടിയിട്ടും സ്വന്തം നാടിന് വേണ്ടി ഒന്നും നേടാൻ സാധിച്ചില്ലെന്ന കുറ്റബോധവും വേദനയും കാരണം മെസി 2016ൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കളി മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ഫുട്ബോൾ ലോകം ഒരു സമയം നിശ്ചലമായ നിമിഷമായിരുന്നു ഇത്. ഡിഗോയുടെ പിൻഗാമിയായ മെസിയുടെ ഈ അപ്രതീക്ഷിത പ്രഖ്യാപനം അർജന്റീനയുടെ തെരുവുകളിൽ നിരാശപടർത്തി. ഒടുവിൽ തന്റെ ജന്മനാട് ഒന്നടങ്കം മെസിയോട് കളത്തിലേക്ക് തിരിച്ചെത്താൻ അഭ്യർത്ഥിച്ചു.

തന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ ശബ്ദം മെസിക്ക് കേൾക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. മെസി വീണ്ടും ഫുട്ബോൾ ലോകത്തേക്ക് റീ എൻട്രി നടത്തി.

മെസിയുടെ രണ്ടാം വരവ് ചരിത്രമായിരുന്നു. ഒരു സിനിമ കഥ കഥപോലെ വരും തലമുറകൾ മെസിയുടെ ഈ ഉയിർത്തെഴുന്നേൽപ്പ് വാഴ്ത്തിപ്പാടും.

മെസിയുടെ രണ്ടാം വരവിന് ശേഷവും അർജന്റീന കിരീടമില്ലാതെ കുറച്ച് വർഷങ്ങൾ മുന്നോട്ട് പോയി. പിന്നീട് സ്കലോണിയുടെ കീഴിലായിരുന്നു അർജന്റീനയുടെ കിരീടവേട്ട. മെസിക്ക് വേണ്ടി കളിക്കളത്തിൽ രക്തം വീഴ്ത്തി പോരാടാൻ ചങ്കുറപ്പുള്ള 11 പേരടങ്ങുന്ന ഒരു ചാവേർപ്പടയെ സ്കലോണി സജ്ജമാക്കി.

2021ൽ അർജന്റീനയുടെ നീണ്ട 28 വർഷമായുള്ള ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. 2007ൽ കോപ്പ അമേരിക്കയുടെ ഫൈനലിൽ വീണ കണ്ണീരിന് ബ്രസീലിനോട്‌ കണക്ക് തീർത്ത് മെസിയും സംഘവും അമേരിക്കയുടെ രാജാക്കന്മാരായി.

ടൂർണമെന്റിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ച മെസി അന്ന് ചരിത്രത്തിലാദ്യമായി അർജന്റീനക്ക് വേണ്ടി ആദ്യ കിരീടം ആകാശത്തിന് മുകളിൽ ഉയർത്തി. ഇതോടെ രാജ്യത്തിനായി മേജർ കിരീടമില്ലെന്ന വിമർശനങ്ങളിൽ നിന്നും മെസി മെല്ലെ മെല്ലെ സ്വതന്ത്രനായി.

തൊട്ടടുത്ത വർഷം നടന്ന ഫൈനലിസീമയിൽ അന്നത്തെ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തകർത്ത് അർജന്റീന രണ്ടാം മേജർ കിരീടവും അർജന്റീനയുടെ മണ്ണിലെത്തിച്ചു. രണ്ട് കിരീടങ്ങൾ ജന്മനാടിന് സമർപ്പിച്ചിട്ടും വിമർശനങ്ങൾ മെസിയെ വേട്ടയാടി.

അർജന്റീനാക്കൊപ്പം ലോകകപ്പ് വിജയിക്കാൻ മെസിക്കായിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു. ഒടുവിൽ അതും മെസി നേടി. 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്റീന ലോകത്തിന്റെ നെറുകയിലെത്തി.

ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ അർജന്റീന ആ ലോകകപ്പിലും നിരാശപ്പെടുത്തുമെന്ന് ഫുട്ബോൾ ലോകം വിധിയെഴുതി. എന്നാൽ ഈ വിധി കാലത്തിന്റെ കണക്ക് പുസ്തകത്തിൽ മാറ്റിയെഴുതപ്പെട്ടു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടവർ തന്നെ അവസാന മത്സരത്തിലും കിരീടം ഉയർത്തി.

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനലുകളിൽ ഒന്നായി രേഖപ്പെടുത്തിയ 2022ൽ ഫ്രഞ്ച് പടയെ പെനാൽറ്റിയിൽ വീഴ്ത്തിയായിരുന്നു മെസിയും സംഘവും മൂന്നാം ലോക കിരീടം ചൂടിയത്. ഖത്തറിന്റെ മണ്ണിൽ ലോക കിരീടം മെസിയുടെ കൈകളിലേന്തി അർജന്റീന വാനോളം ഉയർത്തിയപ്പോൾ മെസിയുടെ കരിയർ സമ്പൂർണമായി.

ഈ ലോകകപ്പ് വിജയത്തോടെയും അർജന്റീന തങ്ങളുടെ കിരീടവേട്ട അവസാനിപ്പിച്ചില്ല. തൊട്ടടുത്ത വർഷം നടന്ന കോപ്പ അമേരിക്കയും കീഴടക്കി സ്കലോണിയുടെ സംഘം മെസിക്ക് നാലാം കിരീടവും സമ്മാനിച്ചു.

എല്ലാം നേടിയിട്ടും 2026ലും മെസി വീണ്ടുമൊരു ലോകകപ്പ് സ്വപ്നം കണ്ടു. നിലവിലെ ചാമ്പ്യൻ ക്യാപ്റ്റനെന്ന തലയെടുപ്പുമായി ആദ്യ മത്സരത്തിനിറങ്ങിയ മെസി അൽജീരിയക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ആദ്യ ഹാട്രിക് നേടി ലോകകപ്പിലെ ഒരേയൊരു രാജവാണെന്ന് വീണ്ടും തെളിയിച്ചു.

ഓരോ മത്സരത്തിലും മെസിയുടെ ഇടംകാലിൽ നിന്നും മായാജാലങ്ങൾ പിറവിയെടുത്തു. മെസിയുടെ ഇതിഹാസ ലോകകപ്പ് യാത്രയുടെ അവസാനവും കണ്ണീരിലൂടെയാണ് അവസാനിച്ചത്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകപ്പിൽ തുടർഭരണം നേടുന്ന മൂന്നാം രാജ്യമെന്ന നേട്ടം കൺമുന്നിലായിരുന്നു സ്പാനിഷ് പടയോട് പരാജയപ്പെട്ടതോടെ അർജന്റീനക്ക് നഷ്ടമായത്.

തന്റെ വഴികാട്ടിയായ പിതാവ് മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുന്ന സമയത്തും സ്വന്തം രാജ്യത്തിന് വേണ്ടി ലോകത്തിന്റെ വിശ്വവേദിയിൽ മെസി ഇതിഹാസ കാവ്യങ്ങൾ രചിച്ചുകൊണ്ടിരുന്നു.

ലോകകപ്പ് തോൽവിക്ക് പിന്നാലെ മെസിയെ തേടി ആ ദുഃഖവാർത്തയെത്തി തന്റെ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞു. മെസി മാനസികമായി തകർന്നു ഒടുവിൽ കളമൊഴിയാനുള്ള നിർണായക തീരുമാനമെടുത്തു, അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു.

മെസിക്ക് ഇനിയൊന്നും നേടാനില്ല, ഇനിയൊന്നും തെളിയിക്കാനുമില്ല. മെസിക്ക് ഇനി വിശ്രമിക്കാം.

കാറ്റുനിറച്ച തുകൽ പന്ത് മൈതാനത്ത് ഉരുളുന്ന കാലത്തോളം മെസിയെന്ന പേര് ലോക ഫുട്ബോളിൽ മുഴങ്ങി കേൾക്കും. വരും തലമുറക്ക് പ്രചോദനമായി ഒരു പത്താം നമ്പറുകാരന്റെ പോരാട്ടം ലോക ചരിത്രത്തിൽ ഓർമിക്കപ്പെടും.

 

Content Highlight: Lionel Messi football career with Argentina from 2005 to 2026