അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു ഞാന്‍ വിരമിക്കുകയാണ്; ലോകം കീഴടക്കി, നീലക്കുപ്പായം അഴിച്ച് മെസി
Football
അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു ഞാന്‍ വിരമിക്കുകയാണ്; ലോകം കീഴടക്കി, നീലക്കുപ്പായം അഴിച്ച് മെസി
ശ്രീരാഗ് പാറക്കല്‍
Monday, 31st August 2026, 9:07 pm

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പടിയിറങ്ങി ഇതിഹാസം ലയണല്‍ മെസി. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അര്‍ജന്റൈന്‍ നായകന്‍ പടിയിറങ്ങുന്നത്. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘ഫൈനല്‍ കഴിഞ്ഞ് ഇത്രയും സമയം പിന്നിട്ടതിന് ശേഷം, ഒരുപാട് ആലോചിച്ചാണ് എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു ഞാന്‍ വിരമിക്കുകയാണ്.

ഇപ്പോഴും മനസില്‍ വേദനയുണ്ടാക്കുന്ന തീരുമാനമാണ്. എന്നാല്‍ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാന്‍ എപ്പോഴും എല്ലാം നല്‍കി കളിച്ചുവെന്ന് സത്യമായി പറയുന്നു. സമീപകാലത്ത് നമ്മള്‍ എല്ലാം നേടിയ വര്‍ഷങ്ങളില്‍ മാത്രമല്ല, അതിന് മുമ്പും ഞാന്‍ ഈ ജേഴ്‌സിക്കായി എല്ലാം സമര്‍പ്പിക്കുകയും പോരാടുകയും ചെയ്തു. നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും ഫുട്‌ബോളിലൂടെ അര്‍ജന്റീനക്കാരാണെന്നതില്‍ അഭിമാനം തോന്നിക്കാനും വേണ്ടിയാണ് ഞാന്‍ എപ്പോഴും എല്ലാം നല്‍കിയത്.

ഇനി അധികം സമയമില്ല. ഓരോ ഘട്ടങ്ങളും അവസാനിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ച് ഏറെ വേദനാജനകമായ ഒരു ഘട്ടമാണിത്. അര്‍ജന്റീന ദേശീയ ടീമിനൊപ്പമുണ്ടാകുന്നത് ഞാന്‍ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ്, ഇപ്പോഴും സ്‌നേഹിക്കുന്നു, ഇനിയെന്നും സ്‌നേഹിക്കും. എനിക്ക് നല്‍കാനുള്ളതെല്ലാം ഞാന്‍ നല്‍കി കഴിഞ്ഞു. ഇനി എനിക്ക് നല്‍കാന്‍ ഒന്നുമില്ല. അതിനുപുറമെ, പിന്നില്‍ നിന്ന് വരുന്ന നിരവധി മികച്ച യുവതാരങ്ങള്‍ ദേശീയ ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ട്.

കഴിഞ്ഞ 20 വര്‍ഷം നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. ടീമിനുള്ളില്‍ നിന്ന് നിങ്ങളുടെ പിന്തുണയും ആരവങ്ങളും കേള്‍ക്കുന്നത് ഞാന്‍ ഒരുപാട് മിസ് ചെയ്യും. ഇനി ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കും. പുറത്തുനിന്ന് എപ്പോഴും ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളില്‍.

എപ്പോഴും എനിക്കൊപ്പം നിന്നതിനും, അതിമനോഹരവും അതേസമയം ഏറെ ബുദ്ധിമുട്ടേറിയതുമായ ഈ യാത്രയില്‍ എന്നെ പിന്തുണച്ചതിനും എന്റെ കുടുംബത്തിന് നന്ദി. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഓരോ പരിശീലകനും സഹതാരത്തിനും ടീം അധികൃതര്‍ക്കും നന്ദി. മറക്കാനാകാത്ത ഓര്‍മകളും നിമിഷങ്ങളുമാണ് ഞാന്‍ ഒപ്പം കൊണ്ടുപോകുന്നത്.

എന്റെ സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന്, നിങ്ങള്‍ സ്വപ്നം കണ്ട നിമിഷങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്ന സമാധാനത്തോടും അഭിമാനത്തോടെയുമാണ് ഞാന്‍ വിടപറയുന്നത്. നിങ്ങളോടൊപ്പം ഇതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞത് അവിശ്വസനീയമായൊരു അനുഭവമായിരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു!

എന്നെ അര്‍ജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി.

വാമോസ് അര്‍ജന്റീന!

ഈ വാക്കുകള്‍ ഞാന്‍ ജൂലൈ 21ന്, ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എഴുതിയതാണ്. ഇന്ന്, എന്റെ അച്ഛന്റെ കാര്യത്തില്‍ സംഭവിച്ചതിന് ശേഷം, മുമ്പത്തേക്കാള്‍ കൂടുതല്‍ ഉറപ്പോടെയാണ് ഞാന്‍ ഈ തീരുമാനത്തിലെത്തിയത്,’ മെസി കുറിച്ചു.

View this post on Instagram

A post shared by Leo Messi (@leomessi)

View this post on Instagram

A post shared by Leo Messi (@leomessi)

Content Highlight: Lionel Messi announces retirement from international football

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ