സിഖ് മതത്തിന്റെ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചാല്‍ ജീവപര്യന്തം തടവ്; പഞ്ചാബ് നിയമസഭയില്‍ ബില്ല് ഏകകണ്ഠമായി പാസാക്കി
national news
സിഖ് മതത്തിന്റെ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചാല്‍ ജീവപര്യന്തം തടവ്; പഞ്ചാബ് നിയമസഭയില്‍ ബില്ല് ഏകകണ്ഠമായി പാസാക്കി
ആദര്‍ശ് എം.കെ.
Monday, 13th April 2026, 6:35 pm

 

ചണ്ഡിഗഡ്: സിഖ് വിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്ന ‘ജാഗത് ജ്യോത് ശ്രീ ഗുരുഗ്രന്ഥ സാഹിബ് സത്കാര്‍ (ഭേദഗതി) ബില്‍, 2026’ ഏകകണ്ഠമായി പാസാക്കി പഞ്ചാബ് നിയമസഭ.

വിശുദ്ധ ഗ്രന്ഥത്തോടുള്ള ആദരവ് നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ തടയുന്നതിനുമായാണ് ഈ നിയമനിര്‍മാണമെന്നാണ് അവകാശപ്പെടുന്നത്.

പുതിയ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷം തടവും പരമാവധി ജീവപര്യന്തം തടവും ലഭിക്കും. ഇതിനുപുറമെ 5 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം പ്രവൃത്തികളെങ്കില്‍ കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.

ഗുരുഗ്രന്ഥ സാഹിബിന്റെ എല്ലാ ഭൗതിക രൂപങ്ങളുടെയും ഔദ്യോഗിക സംരക്ഷകരായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയെ (എസ്.ജി.പി.സി) നിയമം ചുമതലപ്പെടുത്തി.

സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. നിലവിലുള്ള ഭാരതീയ ന്യായ സംഹിതയിലെ 298 മുതല്‍ 300 വരെയുള്ള വകുപ്പുകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

മറ്റ് വിശുദ്ധ മതഗ്രന്ഥങ്ങള്‍ക്കും സമാനമായ സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള 2008ലെ നിയമത്തിലാണ് ഈ ഭേദഗതികള്‍ വരുത്തുന്നത് എന്നതിനാല്‍ ഇതിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്നും ഗവര്‍ണറുടെ അംഗീകാരം മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വയടക്കമുള്ളവര്‍ ബില്ലിനെ പിന്തുണച്ചെങ്കിലും, 2015ല്‍ ദൈവനിന്ദ ആരോപിച്ച് നടത്തിയ പൊലീസ് വെടിവെപ്പില്‍ നീതി ലഭ്യമാക്കുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തി. അകാലിദള്‍ വിമത എം.എല്‍.എ മന്‍പ്രീത് സിങ് അയ്യാലി നിയമത്തെ അനുകൂലിക്കുകയും ഇത്തരം കേസുകളില്‍ വേഗത്തിലുള്ള വിചാരണ ആവശ്യപ്പെടുകയും ചെയ്തു.

ശക്തമായ നിയമങ്ങള്‍ക്കൊപ്പം അവ കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ് പ്രതികരിച്ചു. നിയമസഭയിലെ പ്രത്യേക സമ്മേളനത്തില്‍ സന്ത് സമാജിലെ അംഗങ്ങളും വിവിധ ദേരകളുടെ നേതാക്കളും പങ്കെടുത്തു.

 

Content highlight: Life imprisonment for desecrating Guru Granth Sahib; Bill unanimously passed in Punjab Assembly

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.