ആങ്സൈറ്റിയിൽ ജീവിക്കുന്നത് ഇപ്പോൾ ട്രെൻഡാണ്, അതൊന്നുമില്ലാത്തവർ ആളുകൾക്ക് അത്ഭുതജീവിയാണ്: ലെന
malayalam movie
ആങ്സൈറ്റിയിൽ ജീവിക്കുന്നത് ഇപ്പോൾ ട്രെൻഡാണ്, അതൊന്നുമില്ലാത്തവർ ആളുകൾക്ക് അത്ഭുതജീവിയാണ്: ലെന
നന്ദന. ടി
Friday, 7th August 2026, 11:01 am

മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ആർട്ടിക്കിൾ 21, ഓളം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം, അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്. പിങ്ക് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ലെന.

ജീവിതത്തിൽ നമ്മൾ എത്രത്തോളം ജാഗ്രത പുലർത്തുന്നു എന്നതിന്റെ സൂചനയാണ് നമ്മളിൽ കണ്ടുവരുന്ന ഭയം, അതുകൊണ്ടുതന്നെ അതിനെ ഒരു മോശം കാര്യമായി കാണേണ്ടതില്ല എന്ന് വ്യക്തമാക്കുകയാണ് നടി.

ലെന. Photo. Screen grab/ Youtube

‘ജീവിതത്തിൽ ഒരു പരിധി വരെ പേടി എന്ന ഘടകം ഉണ്ടാകുന്നത് നല്ലതാണ്. അതിന്റെ അർത്ഥം നിങ്ങൾ എല്ലാ കാര്യത്തിലും ആവശ്യമായ ശ്രദ്ധയോ ജാഗ്രതയോ നൽകുന്നു എന്നാണ്. ഉദാഹരണത്തിന്, എനിക്ക് നീന്തൽ അറിയാത്തതുകൊണ്ട് വെള്ളത്തെ പേടിയാണ്. എത്രയോ മികച്ച നീന്തൽക്കാർ പോലും വെള്ളത്തിൽ മുങ്ങിപ്പോകാറുണ്ട്. അവിടെ എനിക്ക് അറിയാത്ത ഒരു കാര്യമായ നീന്തൽ പഠിക്കാൻ ആണ് ശ്രമിക്കേണ്ടത്. അതിനാൽ പേടി എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളിൽ ഒന്നാണ്.

നമ്മൾ തീ കത്തിക്കുന്നത് കൈ പൊള്ളുമോ എന്ന പേടിയോടെയാണ്. ആ പേടിയുള്ളതുകൊണ്ട് മാത്രമാണ് നമ്മൾ ഒരിക്കലും കത്തുന്ന തീയിലേക്ക് കൈ വെക്കാത്തത്. അതുകൊണ്ടുതന്നെ, സ്വന്തം പരിമിതികൾ മാനസിലാക്കാൻ മനുഷ്യരെ ഒരു പരിധി വരെ പേടി സഹായിക്കുന്നുണ്ട്,’ നടി പറഞ്ഞു.

എല്ലാ കാര്യങ്ങളിലും ഭയവും ആങ്സൈറ്റിയുമായി ജീവിക്കുന്ന രീതിയാണ് ഇന്ന് പലരിലും കാണുന്നതെന്നും, അതൊന്നുമില്ലാത്തവരെ അത്ഭുതത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നതെന്നും ലെന ഓർമപെടുത്തുന്നു.

‘ഇന്ന് ആളുകൾ പൊതുവായി ഒരുതരം ഭയവും ചുമന്നുകൊണ്ട് നടക്കുന്നത് കണ്ടുവരുന്നുണ്ട്. ഒരു കാര്യം ചെയ്താൽ മറ്റുള്ളവർ എന്ത് പറയും, ഞാൻ ചെയ്യുന്നത് ശരിയാകുമോ എന്നൊക്കെയുള്ള ചിന്തകളാണതിന് കാരണം. എല്ലാവരും പലതരത്തിലുള്ള ടെൻഷനടിച്ച് ജീവിക്കുന്നതുപോലെ തോന്നും.

എപ്പോഴും ഒരുതരം ആംങ്സൈറ്റിയും ഭയത്തിലുമാണ് ജീവിക്കുന്നത് എന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് പോലെ ആയിട്ടുണ്ട്. അങ്ങനെ അല്ലാത്തവരെ ഇന്ന് ഏതോ ഒരു അത്ഭുതജീവിയെപ്പോലെയാണ് ആളുകൾ കാണുന്നത്. ഇത് നമ്മുടെ ജീവിതമാണ്, ചെറിയ രീതിയിലുള്ള ഭയങ്ങളൊക്കെ ഉണ്ടാകുമ്പോൾ അത് പാകത്തിന് കൈകാര്യം ചെയ്യാനും, നമ്മൾ പോകുന്നത് ശരിയായ വഴിയിലൂടെയാണോ എന്ന് ഉറപ്പുവരുത്താനും ശ്രമിച്ചാൽ മതിയാകും,’ ലെന വ്യക്തമാക്കി.

ലെന. Photo. Screen grab/ Youtube

Content Highlight: Lena talks about the fear and anxiety people carry today

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം