ഇതിഹാസ താരം ലയണൽ മെസിയുടെ അഭാവത്തിലും അർജന്റീന എതിരാളികളുടെ വലയിൽ ഗോൾ മഴ പെയ്യിച്ച് മുന്നേറുകയാണ്. സൗഹൃദ മത്സരങ്ങളിൽ ബൊളീവിയക്കെതിരെയും ബുർക്കിനൊ ഫാസോക്കെതിരെയും വമ്പൻ വിജയമാണ് മുൻ ലോക ചാമ്പ്യന്മാർ സ്വന്തമാക്കിയത്. ബൊളീവിയയെ നാല് ഗോളുകൾക്ക് തകർത്ത അർജന്റീന ബുർക്കിനൊ ഫാസോയെ ഏഴ് ഗോളുകൾക്കും വീഴ്ത്തി.

ബുർക്കിനൊ ഫാസോക്കെതിരെയുള്ള മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസ്, ജിയാൻലൂക്ക പ്രെസ്റ്റിയാനി, നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്റുവോനോ, സിമിയോണി എന്നിവരാണ് വലകുലുക്കിയത്. മൗമൗനെ ഡിയാല്ലോയുടെ സെൽഫ് ഗോളും അർജന്റീനയുടെ വിജയം അധികാരമാക്കി.

മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ലൗട്ടാരോ മാർട്ടിനെസാണ് അർജന്റീനയുടെയും ഗോളടി മേളയ്ക്ക് തുടക്കം കുറിച്ചത്. ഈ കൂറ്റൻ വിജയത്തിനൊപ്പം ആദ്യ ഗോളിലൂടെ ഒരു വമ്പൻ റെക്കോഡും ലൗട്ടാരോ കൈപ്പിടിയിലാക്കി. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായാണ് ഇന്റർ മിലാൻ താരം മാറിയത്.

അർജന്റൈൻ ജേഴ്സിയിൽ 42 ഗോളുകൾ അടിച്ചുകൂട്ടിയാണ് ലൗട്ടാരോ കുതിക്കുന്നത്. ഈ റെക്കോഡിൽ ഇതിഹാസ താരം സെർജിയോ അഗ്യൂറോക്കൊപ്പമാണ് ലൗട്ടാരോ. ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയും ലയണൽ മെസിയും മാത്രമാണ് ഇനി താരത്തിന്റെ മുന്നിലുള്ളത്.

ഇന്റർനാഷണൽ ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം, ഗോളുകളുടെ എണ്ണം

ലയണൽ മെസി – 125

ഗബ്രിയേൽ ബാറ്റിസ്റ്റുട്ട – 55

സെർജിയോ അഗ്യൂറോ – 42

ലൗട്ടാരോ മാർട്ടിനെസ് – 42

ഹെർണൻ ക്രെസ്പോ – 35

ഡീഗോ മറഡോണ – 32

ഗോൺസാലോ ഹിഗ്വയ്ൻ – 31

അതേസമയം നാളെയാണ് അർജന്റീന അടുത്ത സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ബെനിനാണ് ടീമിന്റെ എതിരാളികൾ. അർജന്റീന ആരാധകർക്ക് ഇതൊരു വൈകാരിക മത്സരം കൂടിയാണ്. ഇതിഹാസ താരം മെസി അവസാനമായി അർജന്റീനയുടെ നീല ജേഴ്സി അണിയുന്ന മത്സരമാണിത്.

ലയണൽ മെസി. Photo: Sudanalytics/x.com

ബ്യൂണസ് ഐറിസിലെ മോന്യൂമെന്റൽ സ്റ്റേഡിയത്തിലാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടുക. ഈ മത്സരത്തിൽ മെസിയുടെ ഇടംകാലിൽ നിന്നും അത്ഭുതങ്ങൾ പിറക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.

 

Content Highlight: Lautaro Martinez create a huge record for Argentina