കറന്ന് കുടിക്കാം, അറുത്ത് കുടിക്കരുത്; സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനെ കുറിച്ച് ലാൽ ജോസ്
malayalam movie
കറന്ന് കുടിക്കാം, അറുത്ത് കുടിക്കരുത്; സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനെ കുറിച്ച് ലാൽ ജോസ്
നന്ദന. ടി
Thursday, 9th July 2026, 8:44 am

മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കുടുംബചിത്രങ്ങളും പ്രണയകഥകളും സാമൂഹിക പ്രമേയങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം, നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

ലാൽ ജോസ്.photo.screen grab/youtube

ഇന്നത്തെ കാലത്ത് ഒരു സിനിമയുടെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയകൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു സിനിമ തിയേറ്ററുകളിൽ ഇറങ്ങുമ്പോൾ തന്നെ അത് ഗംഭീരമാണെന്ന തരത്തിൽ കൃത്രിമമായ പ്രതീതി സൃഷ്ടിക്കപ്പെടുന്നത് നല്ല സിനിമകളെ ഇല്ലാതാക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.

‘നല്ല സിനിമകളെ ഒരിക്കലും ഇല്ലാതാക്കാൻ പറ്റുകയില്ല, അവ നിലനിൽക്കുക തന്നെ ചെയ്യും. എന്താണ് പ്രശ്നമെന്ന് വെച്ചാൽ നമ്മൾ ഇക്കണോമിക്സിൽ പഠിച്ച വിഷയം തന്നെയാണ്, സപ്ലൈ കൂടുമ്പോൾ ഡിമാൻഡ് കുറയും. പണ്ടൊക്കെ ഒരു സിനിമ റിലീസ് ആകുന്നതിന് മുമ്പ് മനോരമയിലോ മാതൃഭൂമിയിലോ ഒരു പരസ്യം വരും. കുറച്ചുകൂടി പൈസ ഉള്ളവരാണെങ്കിൽ ദേശാഭിമാനിയിലും ജന്മഭൂമിയിലും വീക്ഷണത്തിലും ഒക്കെ പരസ്യം കൊടുക്കും. അതല്ലാതെ പിന്നെ പോസ്റ്ററുകൾ ഒട്ടിക്കും.

ആ കാലം മാറി. പ്രത്യേകിച്ച് പണമില്ലാത്ത ഒരു പരിപാടിയാണ് സോഷ്യൽ മീഡിയ മാർക്കറ്റിങ് എന്നാണ് ആദ്യം വിചാരിച്ചിരുന്നത്, തുടക്കത്തിലൊക്കെ അങ്ങനെ തന്നെയായിരുന്നു, വലിയ ചെലവൊന്നും ഇല്ലായിരുന്നു. അത് ആളുകൾ നന്നായിട്ട് ഉപയോഗിച്ചു. പക്ഷെ ഇപ്പോൾ അതും മറ്റേതുപോലെ തന്നെ വലിയ പണച്ചെലവുള്ള ഒന്നായി മാറി. അപ്പോൾ ഇത് പോസിറ്റീവ് ആയിട്ടും ഉപയോഗിക്കും, അതുകൂടാതെ ഓപ്പോസിറ്റ് ഉള്ള ഒരു സിനിമയെ തകർക്കാനും ഉപയോഗിക്കും.

അങ്ങനെ എല്ലാ സാധ്യതകളും ആളുകൾ ഉപയോഗിക്കും. അപ്പോൾ ഒരു മീഡിയം മുന്നിൽ വരുമ്പോൾ, ഒറ്റപ്പാലത്തൊക്കെ ഒരു ചൊല്ലുണ്ട്; ‘ കറന്ന് കുടിക്കാം, അറുത്ത് കുടിക്കരുത്’ എന്ന്. അകിട് അറുത്താൽ ചോരയേ വരൂ. മാക്സിമം കറന്നോളൂ, പക്ഷേ അറുക്കരുത്, അതുതന്നെയാണ് എനിക്കും പറയാനുള്ളത്, ‘ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ്.photo.screen grab/youtube

Content Highlight: Lal Jose talks about social media marketing of movies

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം