ഓസ്റ്റിന്‍ ഡാനും ബിനു പപ്പുവുമല്ല....പകരം തരുണ്‍, L365ന്റെ സംവിധാനത്തില്‍ മാറ്റം?
Malayalam Cinema
ഓസ്റ്റിന്‍ ഡാനും ബിനു പപ്പുവുമല്ല....പകരം തരുണ്‍, L365ന്റെ സംവിധാനത്തില്‍ മാറ്റം?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st December 2025, 6:31 pm

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓസ്റ്റിന്‍ തോമസാണെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ സംവിധാനം തരുണ്‍ മൂര്‍ത്തി ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നിറയുന്നത്.

ഔദ്യോഗികമായുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും പുറത്ത് വന്നില്ലെങ്കിലും സിനിമ തരുണ്‍ സംവിധാനം ചെയ്യുമെന്നാണ് പല സിനിമപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നടനും ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുമായ ബിനു പപ്പു സിനിമ സംവിധാനം ചെയ്യുമെന്ന ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

മോഹന്‍ലാലും സംവിധായകന്‍ ഓസ്റ്റിന്‍ തോമസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് ചിത്രം തരുണിലേക്ക് മാറുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്. തുടരും ഹിറ്റായതിന് പിന്നാലെ തരുണ്‍ മൂര്‍ത്തിക്ക് ഇന്‍ഡസട്രിയില്‍ കിട്ടിയ ഹൈപ്പ് ചെറുതൊന്നും അല്ല. മോഹന്‍ലാലിന്റെ തിരിച്ചുവരവെന്ന് പലരും അഭിപ്രായപ്പെട്ട സിനിമ കൂടിയായിരുന്നു തുടരും.

അതേസമയം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്  L365. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിങ്ങനെ ഈ വര്‍ഷത്തെ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.

പൊലീസ് വേഷത്തില്‍ ലാലേട്ടന്‍ വീണ്ടും സ്‌ക്രീനില്‍ എത്തുന്ന എന്ന വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സിനിമയില്‍ അഭിനയിക്കുന്നത്.

Content highlight: L365 starring Mohanlal may be directed by Tarun Murthy, reports say