സവര്‍ക്കറുടെ കോലത്തില്‍ ചെരുപ്പുമാലയിട്ട് പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
Kerala
സവര്‍ക്കറുടെ കോലത്തില്‍ ചെരുപ്പുമാലയിട്ട് പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 9:51 pm

പൂങ്കുന്നം: ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറുടെ കോലത്തില്‍ ചെരുപ്പ് മാലയിട്ട് പ്രതിഷേധിക്കാന്‍ ശ്രമിച്ച തൃശൂരിലെ കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, കെ.എസ്.യു കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ഷിയാസ് ചിറ്റണ്ട എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ പടിഞ്ഞാറേ നടയിലെ ലീഡര്‍ സ്‌ക്വയറിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.  വിവരമറിഞ്ഞെത്തിയ പൊലീസ് കെ.എസ്.യു പ്രവര്‍ത്തകരില്‍ നിന്ന് കോലം പിടിച്ചുവാങ്ങുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. തൃശൂര്‍ എം.പി കേന്ദ്ര സഹമന്ത്രിയായിരിക്കുന്ന പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിനത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുകളില്‍ സവര്‍ക്കറുടെ ചിത്രം നല്‍കി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ച സംഘപരിവാര്‍ നടപടിക്കെതിരെയാണ് കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഗോകുല്‍ ഗുരുവായൂര്‍ പറഞ്ഞു.

സവര്‍ക്കര്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസിന് മനോവിഷമം ഉണ്ടാകുന്നതെന്നും ഗോകുല്‍ ഗുരുവായൂര്‍ ചോദിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിക്കണമെന്നും കെ.എസ്.യു നേതാവ് ആഹ്വാനം ചെയ്തു.

അതേസമയം ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചുകൊണ്ടാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റര്‍ പുറത്തുവിട്ടത്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് പോസ്റ്ററില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനുപുറമെ പോസ്റ്ററില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്താതിരുന്നതിലും വിമര്‍ശനമുണ്ടായിരുന്നു.

കൂടാതെ സ്വാതന്ത്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിയിൽ നടത്തിയ പ്രസംഗവും ജനം ടി.വി പങ്കുവെച്ച പോസ്റ്ററും വിവാദത്തിലായിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസെന്നും 100 വര്‍ഷത്തെ ആര്‍.എസ്.എസിന്റെ സേവനത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നുമാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്ക്കറെയും ഇരുവശങ്ങളിലേക്ക് ഒതുക്കി സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പോസ്റ്ററാണ് ജനം ടി.വിയെ വിവാദത്തിലാക്കിയത്.

ഛത്രപതി ശിവജി, മാധവറാവു സദാശിവ ഗോള്‍വാള്‍ക്കര്‍, കേശവ ബലിറാം ഹെഡ്ഗേവാര്‍, മഹര്‍ഷി അരബിന്ദോ തുടങ്ങിയ നേതാക്കളെ പോസ്റ്ററില്‍ എടുത്തുകാണിച്ചിരുന്നു.

‘സ്വാതന്ത്ര്യം നല്‍കപ്പെടുന്നില്ല, അത് എടുക്കപ്പെടുന്നു. ഇന്ന് നാം സ്വതന്ത്രരാണ് നമ്മള്‍ സ്വതന്ത്രരായി തന്നെ തുടരും,’ എന്ന കുറിപ്പോട് കൂടിയാണ് ജനം ടി.വി പോസ്റ്റര്‍ പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ ഗാന്ധിയും അംബേദ്ക്കറും എവിടെയെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

Content Highlight: KSU leaders arrested for protesting by garlanding shoes at Savarkar’s effigy