തിരുവനന്തപുരം: കിഫ്ബിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, വായ്പാ പലിശ, നിയമനങ്ങൾ, പരസ്യച്ചെലവ് തുടങ്ങിയ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്.

കിഫ്ബി വഴി സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടായി എന്ന വാദം തികച്ചും തെറ്റാണെന്നും, കിഫ്ബി ചെലവുകൾക്ക് പകരമായി ഭാവി കേരളത്തിനായുള്ള അടിസ്ഥാന സൗകര്യ ആസ്തികൾ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ബാധ്യതകൾ പൂർണമായി കൊടുത്തുതീർക്കേണ്ടത് 2047-ലാണെന്നും, അഴിമതിയോ ക്രമക്കേടോ ഉണ്ടെന്ന ഏത് ആരോപണത്തിനും എണ്ണിയെണ്ണി മറുപടി നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി.വി മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ എയർപോർട്ടിനോട് ചേർന്ന് വ്യവസായ പാർക്കിനായി ആയിരം ഏക്കർ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിന് കൃത്യമായ ദീർഘവീക്ഷണത്തോടെയാണ് അന്ന് തീരുമാനമെടുത്തതെന്ന് ഐസക് വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നിർമാണ വേളയിൽ മുൻകൂട്ടി ഭൂമി ഏറ്റെടുത്തതുകൊണ്ടാണ് അവിടെ വ്യവസായ പാർക്ക് അടക്കമുള്ള പദ്ധതികൾ സാധ്യമായത്. വിമാനത്താവളം വന്ന് നാട് വികസിച്ച ശേഷമല്ല കുറഞ്ഞ വിലയ്ക്ക് ഭൂമി കണ്ടെത്തേണ്ടത്. ഫെയർ വാല്യുവിന്റെ അഞ്ചിരട്ടി നൽകി എന്ന ആരോപണത്തിന്, കേരളത്തിൽ എവിടെയെങ്കിലും ഫെയർ വാല്യുവിന് ഭൂമി ലഭിക്കുമോ എന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിയമപരമായ വിലപേശൽ നടത്തിയാണ് വില നിശ്ചയിച്ചത്. കൊച്ചി–മംഗലാപുരം വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഈ ഭൂമി ഏറ്റെടുത്തത്. കണ്ണൂരിനെ ഇതുവരെ ‘പോർട്ട് ഓഫ് കോൾ’ ആയി കേന്ദ്രം അംഗീകരിക്കാത്തതാണ് വ്യവസായ പാർക്ക് നിർമാണം പൂർണതോതിൽ ആകാത്തതിന് കാരണം. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സർക്കാരിന്റെ കൈവശം തന്നെയുണ്ടെന്നും, ആരുടെ ഭൂമിയാണ് ഏറ്റെടുത്തതെന്ന് അടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ സർക്കാരിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ എടുക്കുന്ന സാധാരണ വായ്പയേക്കാൾ ഉയർന്ന പലിശയിലാണ് കിഫ്ബി വായ്പയെടുത്തത് എന്ന ആക്ഷേപത്തെയും അദ്ദേഹം സാങ്കേതികമായി തള്ളി.

‘ബാങ്കുകൾ നിയമപരമായി സർക്കാരുകളിൽ നിക്ഷേപിക്കാൻ ബാധ്യസ്ഥരായ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) പ്രകാരമുള്ള കുറഞ്ഞ പലിശ വായ്പകൾ ഒരു പൊതുമേഖലാ സ്ഥാപനത്തിനും വിപണിയിൽ നിന്ന് ലഭ്യമാകില്ല. ജി.ഡി.പിയുടെ നിശ്ചിത ശതമാനം എന്ന നിലയിൽ കേന്ദ്രം നിശ്ചയിച്ചിട്ടുള്ള കർശനമായ വായ്പാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കേരളത്തിന്റെ പശ്ചാത്തല വികസനം മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഇന്ത്യയിലെ മൂലധന നിക്ഷേപ ശരാശരി മൂന്ന് ശതമാനമായിരിക്കെ, കേരളത്തിന്റേത് വെറും 1.3 ശതമാനമാണ്. ബജറ്റിന് പുറത്തുനിന്ന് വായ്പ സമാഹരിക്കാതെ കേരളത്തിന് ഇനി മുന്നോട്ട് കുതിക്കാനാകില്ലെന്നും’ അദ്ദേഹം പറഞ്ഞു.

കിഫ്ബിയിൽ 498 ജീവനക്കാരുണ്ടെന്ന പ്രചാരണത്തിന് മറുപടിയായി, കിഫ്ബിയിൽ സ്ഥിരമായി 40 തസ്തികകൾ മാത്രമാണുള്ളതെന്ന് ഐസക് വ്യക്തമാക്കി.

1200-ഓളം പ്രോജക്ടുകളുടെ നിർവഹണത്തിനും മേൽനോട്ടത്തിനുമായി സി.എം.ഡി.എ (CMDA) വഴിയാണ് എൻജിനീയർമാരെയും വിദഗ്ദ്ധരെയും കരാറടിസ്ഥാനത്തിൽ എടുക്കുന്നത്. ഓരോ പ്രോജക്ടിന്റെയും കാലാവധിയായ ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രമാണ് ഇവരുടെ നിയമനം. പ്രോജക്ട് പൂർത്തിയാകുന്നതോടെ ഇവരുടെ സേവനവും അവസാനിക്കും. അല്ലാതെ ഇവർ 2047 വരെ സർവീസിൽ തുടരുന്ന സ്ഥിരം ജീവനക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി പരസ്യങ്ങൾക്കായി തുക വകമാറ്റി എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഒരു ലക്ഷം കോടി രൂപയുടെ മെഗാ പ്രൊജക്ടുകൾ നടപ്പാക്കുമ്പോൾ അതിന്റെ ചെറിയൊരു ശതമാനം പ്രചാരണത്തിനായി മാറ്റിവെക്കാൻ കിഫ്ബി ബോർഡ് തീരുമാനിച്ചിരുന്നതാണ്. യു.ഡി.എഫ് അഴിച്ചുവിട്ട അടിസ്ഥാനരഹിതമായ പ്രചാരണങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനും, കിഫ്ബി വഴി പൂർത്തിയായ പാലങ്ങളും റോഡുകളും ഉൾപ്പെടെയുള്ള നേട്ടങ്ങൾ ജനങ്ങളെ അറിയിക്കാനുമാണ് എക്സിബിഷനുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് കിഫ്ബി പണം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുധാപിള്ള കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്, കേരളത്തിന് അടുത്ത 10 വർഷത്തിനകം ചുരുങ്ങിയത് 2 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപമെങ്കിലും വേണമെന്നും ഇത് ബജറ്റ് വഴി കണ്ടെത്താൻ കഴിയില്ലെന്നും ഐസക് പ്രതികരിച്ചു.

‘ഇങ്ങനെയൊക്കെ പോയാൽ മതി എന്ന യു.ഡി.എഫ് ചിന്താഗതിക്കൊപ്പമാണ് ഇത്തരം വിദഗ്ദ്ധ സമിതികൾ നിൽക്കുന്നത്. എന്നാൽ കേരളം ഇനിയും മുന്നോട്ട് കുതിക്കണമെങ്കിൽ ഇത്തരം വായ്പകൾ അനിവാര്യമാണ്’അദ്ദേഹം പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട ഭരണഘടനാ-നിയമ പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ, കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് സർക്കാരും വിദഗ്ദ്ധ സമിതിയും സ്വീകരിക്കുന്നതെന്നും തോമസ് ഐസക് വിമർശിച്ചു.

Content Highlight:KIIFB controversy: Thomas Isaac dismisses Chief Minister’s allegations; clarifies that it is not a loss, but the creation of assets for the future.