രഞ്ജി ട്രോഫിയില്‍ കേരളവും ഹരിയാനയും തമ്മിലുള്ള മത്സരം ചൗദരി ബാന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഹരിയാന ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ കേരളം 291 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

തുടര്‍ന്ന് ബാറ്റ് ചെയ്ത ഹരിയാനയെ 164 റണ്‍സിന് തകര്‍ക്കാന്‍ കേരളത്തിന് സാധിച്ചു. നിലവില്‍ നാലാം ദിനം കളി തുടരുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന കേരളം അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് നേടിയിട്ടുണ്ട്.

മറുപടി ബാറ്റിങ്ങില്‍ ഹരിയാനയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിഷാന്ത് സിന്ധുവാണ്. 29 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. താരത്തിന് പുറമേ ക്യാപ്റ്റന്‍ അങ്കിത് രാജേഷ് കുമാര്‍ 27 റണ്‍സും യുവരാജ് സിങ് 20 റണ്‍സും, ലക്ഷ്യ സുമന്‍ ദലാല്‍ 21 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താനായില്ല.

കേരളത്തിനു വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബേസില്‍ തമ്പിയും നിധീഷുമാണ്. മൂന്നു വിക്കറ്റുകളാണ് ഇരുവരും നേടിയത്. മാത്രമല്ല ബേസില്‍ നെടുംകുഴിയില്‍ രണ്ട് വിക്കറ്റും ജലജ് സെക്‌സീന ഒരുവിക്കറ്റും കേരളത്തിനുവേണ്ടി നേടി.

ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് അക്ഷയ് ചന്ദ്രനും (59 റണ്‍സ്) രോഹന്‍ കുന്നുമ്മലും (55 റണ്‍സ്) മുഹമ്മദ് അസറുദ്ദീനും (53 റണ്‍സ്) ക്യാപ്റ്റ്ന്‍ സച്ചിന്‍ ബേബിയുമാണ് (52 റണ്‍സ്). കേരളത്തിന് വേണ്ടി നാല് പേരുടെയും അര്‍ധ സെഞ്ച്വറിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഓപ്പണര്‍ ബാബ അപരാജിത് പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ ജലജ് സക്‌സേന നാല് റണ്‍സിനും പുറത്തായിരുന്നു. തുടര്‍ന്ന് സല്‍മാന്‍ നിസാറും പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ അസറുദ്ദീന്‍ സമ്മര്‍ദ ഘട്ടത്തെ പ്രതിരോദിക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഷോണ്‍ റോഗര്‍ 42 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയങ്കിലും പുറത്താകുകയായിരുന്നു.

ഹരിയാനയ്ക്ക് വേണ്ടി ഗംഭീര ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അന്‍ഷുല്‍ കാംബോജാണ്. കേരളത്തിന്റെ 10 വിക്കറ്റുകളും വീഴ്ത്തിയത് അന്‍ഷുലാണ്. ഒമ്പത് മെയ്ഡന്‍ അടക്കം 30 ഓവറുകള്‍ ചെയ്ത് അന്‍ഷുല്‍ 49 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 1.62 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ അന്‍ഷുലിന്റെ മുന്നില്‍ കേരളത്തിന്റെ താരങ്ങള്‍ക്ക് ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ലായിരുന്നു.

 

Content Highlight: Kerala VS Haryana Ranji Trophy Update