സി.പി.ഐ.എമ്മിന്റെ നയം ചവറ്റുകൊട്ടയിലിട്ട് പിണറായി വിജയന്‍ ബെഹ്‌റയുടെ പ്രൊപ്പോസല്‍ ഒപ്പിട്ടു നടപ്പാക്കുന്നു; പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ ഹരീഷ് വാസുദേവന്‍
Kerala Police Act
സി.പി.ഐ.എമ്മിന്റെ നയം ചവറ്റുകൊട്ടയിലിട്ട് പിണറായി വിജയന്‍ ബെഹ്‌റയുടെ പ്രൊപ്പോസല്‍ ഒപ്പിട്ടു നടപ്പാക്കുന്നു; പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ ഹരീഷ് വാസുദേവന്‍
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 5:37 pm

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. രണ്ടുപേര്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് ഹരീഷ് പറഞ്ഞു.

‘അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം. ഇതല്ല സൈബര്‍ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തില്‍ ഇത് നടപ്പാക്കേണ്ട’, ഹരീഷ് പറഞ്ഞു.

എല്‍.ഡി.എഫിന്റേയും സി.പി.ഐ.എമ്മിന്റേയും നയം ചവറ്റുകൊട്ടയിലിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം പിണറായി വിജയന്‍ ഒപ്പിടുന്ന കാഴ്ചയാണിതെന്നും ഹരീഷ് പറഞ്ഞു.

ശനിയാഴ്ചയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസ് ആക്ടിലെ ഭേദഗതി അംഗീകരിച്ചത്. നിലവിലുള്ള പൊലീസ് ആക്ടില്‍ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല.

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

LDF ന്റെയും CPIM ന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്‌റ കൊടുത്ത പ്രൊപ്പോസല്‍ പിണറായി വിജയന്‍ ഒപ്പിട്ടു നടപ്പാക്കുന്ന കാഴ്ചയല്ലേ Kerala Police Act se 118A കൊണ്ടുവന്ന ഓര്‍ഡിനന്‍സ്?

ജനയുഗം എഡിറ്റോറിയല്‍ എഴുതിയത് കൊണ്ടോ CPI പ്രതികരിച്ചത് കൊണ്ടോ വിജയന്റെ അധികാര അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ കഴിയില്ല. ക്യാബിനറ്റില്‍ പോയി ഒപ്പിട്ട മന്ത്രിമാര്‍ക്ക് ഇരട്ടത്താപ്പ് പറ്റില്ലല്ലോ.

രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാള്‍ ജനാധിപത്യ വിരുദ്ധമായ നിയമം.
അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം.

ഇതല്ല സൈബര്‍ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തില്‍ ഇത് നടപ്പാക്കേണ്ട. ഏത് ജനാധിപത്യ മാര്‍ഗ്ഗത്തിലും ഇത് ചോദ്യം ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Police Act Amendment 118 A Harish Vasudevan