നാല് എം.പിമാര്‍ക്കൊപ്പം സൗഗത റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേരും: അര്‍ജുന്‍ സിങ്
India
നാല് എം.പിമാര്‍ക്കൊപ്പം സൗഗത റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേരും: അര്‍ജുന്‍ സിങ്
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 5:00 pm

കൊല്‍ക്കത്ത:  തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സൗഗത റോയ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നാല് എം.പിമാര്‍ കൂടി സൗഗത റോയ്‌ക്കൊപ്പം രാജിവെക്കുമെന്നും അര്‍ജുന്‍ സിങ് പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ സിങ്. തൃണമൂലിലെ അഞ്ച് എം.പിമാര്‍ എപ്പോള്‍ വേണമെങ്കിലും രാജിവെക്കാമെന്നും അര്‍ജുന്‍ പറഞ്ഞു.

താങ്കള്‍ പറഞ്ഞ പട്ടികയില്‍ സൗഗത റോയ് ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൗഗത റോയ് ഇപ്പോള്‍ തൃണമൂല്‍ നേതാവായി അഭിനയിക്കുക മാത്രമാണെന്നായിരുന്നു അര്‍ജുന്‍ സിങ് പറഞ്ഞത്.

ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം മമത ബാനര്‍ജിയുടെ ഏറ്റവും അടുപ്പക്കാരനാണ്. എന്നാല്‍ സുവേന്ദു അധികാരിയുമായി അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. ക്യാമറ ഒന്നു മാറുന്നതോടെ നിങ്ങള്‍ക്ക് സൗഗത റോയിയുടെ പേരും ആ പട്ടികയില്‍ ഉള്‍പ്പെടുത്താം.

പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി സുഭേന്ദു അധികാരി ഇപ്പോള്‍ തന്നെ തൃണമൂലിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.

”സുഭേന്ദു അധികാരി ഒരു ബഹുജന നേതാവാണ്. പാര്‍ട്ടിക്ക് വേണ്ടി പോരാടുകയും പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും മുന്നോട്ടു വന്ന നേതാവാണ്. എന്നാല്‍ സുഭേന്ദു അധികാരിയേയും മറ്റ് ചിലരേയും ആശ്രയിച്ച് മമത ബാനര്‍ജി നേതാവായി. ഇപ്പോള്‍ മമത അവരുടെ ഭൂതകാലത്തെ നിഷേധിക്കുകയും അവരുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ സ്വന്തം കസേരയില്‍ ഇരുത്തിക്കാന്‍ ശ്രമിക്കുകയുമാണ്. ഒരു ബഹുജന നേതാക്കളും ഇത് അംഗീകരിക്കില്ല.

സുഭേന്ദു അധികാരി തൃണമൂലില്‍ അപമാനിക്കപ്പെട്ടുകഴിഞ്ഞു. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിടണം. അദ്ദേഹത്തിന്റെ അടുത്ത സഹായികളെ വ്യാജ കേസുകളില്‍ കുടുക്കുകയാണ്. ഞാനും പലതവണ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുകൊണ്ടൊന്നും ഒരു ബഹുജന നേതാവിനെ തടയാന്‍ കഴിയില്ല.

സുഭേന്ദു അധികാരിയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിക്കൊപ്പം വരാം. സുഭേന്ദു അധികാരി ബി.ജെ.പിയില്‍ എത്തുന്നതോടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൂര്‍ണ പതനം സംഭവിക്കും. പിന്നെ അവര്‍ക്ക് നിലനില്‍പ്പുണ്ടായിരിക്കില്ല. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TMC leader Saugata Roy will resign with 4 MPs to join BJP, claims MP Arjun Singh