കാത്തിരുന്ന രണ്ടാം ഭാഗം; സി.പി.ഒ അമ്പിളി രാജുവിനെ തേടി 'കേരള ക്രൈം ഫയല്‍സ്' എത്തുന്നു; ട്രെയ്‌ലര്‍
Entertainment
കാത്തിരുന്ന രണ്ടാം ഭാഗം; സി.പി.ഒ അമ്പിളി രാജുവിനെ തേടി 'കേരള ക്രൈം ഫയല്‍സ്' എത്തുന്നു; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 7:54 pm

ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ്. മലയാളത്തില്‍ എത്തിയ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു ഇത്. 2023 ജൂണ്‍ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

അജു വര്‍ഗീസിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച അന്ന് ഏറെ ചര്‍ച്ചയായിരുന്നു. 2011ല്‍ എറണാകുളത്തെ ലോഡ്ജില്‍ നടന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായിരുന്നു ഇതിന്റെ കഥ. വളരെ സിമ്പിളായ ഒരു കഥയുടെ ഗംഭീര മേക്കിങായിരുന്നു സീരീസിന്റേത്.

സീരീസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. ഇപ്പോള്‍ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രണ്ട് മിനുട്ടോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് എത്തിയത്.

കേരള ക്രൈം ഫയല്‍സ് – ദ സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്റെ പേര്. ആദ്യ ഭാഗത്തെ പോലെ തന്നെ വളരെ ത്രില്ലിങ്ങാകും ഇതെന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന.


അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ക്ക് പുറമേ അര്‍ജുന്‍ രാധാകൃഷ്ണനും സീരിസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

മങ്കി ബിസിനസ് സിനിമാസിന്റെ ബാനറിലാണ് സീരീസ് ഒരുങ്ങുന്നത്. ജിതിന്‍ സ്റ്റെന്‍സിലാവോസാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബാഹുല്‍ രമേശാണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Kerala Crime Files Season 2 Official Trailer Out Now