ന്യൂദല്‍ഹി: പി.എം ശ്രീയില്‍ കേരളത്തെ പോലൊരു സംസ്ഥാനം എത്തിയത് വലിയ നേട്ടമാണെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. 2024 മാര്‍ച്ചില്‍ കേരളം പി.എം ശ്രീയില്‍ ഒപ്പുവെയ്ക്കാനുള്ള സമ്മതമറിയിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയില്‍ ഒപ്പിട്ടെന്ന് കരുതി സംസ്ഥാനങ്ങള്‍ കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നില്ലെന്നും എന്‍.ഇ.പി നടപ്പാക്കുന്നതില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും സഞ്ജയ് കുമാര്‍ വ്യക്തമാക്കി.
പി.എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതില്‍ സന്തോഷമുണ്ടെന്നും എന്‍.ഇ.പിയുടെ നല്ല വശങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് പി.എം ശ്രീ നടപ്പാക്കുന്നതെന്നും എന്നാല്‍ സംസ്ഥാനങ്ങളോട് നിബന്ധന വെയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളുടെ നിലവാരവും സൗകര്യം ഉയര്‍ത്താനാണ് പി.എം ശ്രീ നടപ്പാക്കുന്നതെന്നും സഞ്ജയ് കുമാര്‍ വിശദീകരിച്ചു.
കണ്‍കറന്റ് പട്ടികയിലുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. എന്‍.ഇ.പി സിലബസ് അതേമാതൃകയില്‍ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ എന്‍.ഇ.പി ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തില്‍ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്റെ താല്‍പ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പി.എം ശ്രീയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിക്കാന്‍ സഞ്ജീവ് കുമാര്‍ വിസമ്മതിച്ചു.
അതേസമയം,പി.എം. ശ്രീ പദ്ധതി ഒപ്പിട്ടെങ്കിലും കേരളത്തിൽ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പദ്ധതിയിൽ കേരളം ഒപ്പിട്ടത് സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാൻ വേണ്ടി മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികൾക്ക് കിട്ടാനുള്ള ഫണ്ട് ഒരു കാരണവശാലും നഷ്ടപ്പെടുത്തേണ്ടതില്ലെന്നും അതിന് വേണ്ടിയുള്ള ഒരു തന്ത്രമാണ് ഒപ്പിടലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
‘പി.എം പദ്ധതി കേരളത്തിന് യഥാർത്ഥത്തിൽ ആവശ്യമില്ല. എന്നാൽ ഈ പദ്ധതിയിൽ ഒപ്പിടാത്തത് കൊണ്ട് മാത്രം എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരള) ഫണ്ട് 1500 രൂപയോളമാണ് കേരളത്തിന് ലഭിക്കാത്തത്. അത് നഷ്ടപ്പെടാതിരിക്കാനുള്ള നിലപാട് മാത്രമാണ് എടുത്തിട്ടുള്ളത്. നമ്മൾ കേന്ദ്ര സർക്കാർ പറയുന്ന തെറ്റായ സിലബസ് കൊണ്ടുവരികയോ നമുക്ക് തെറ്റാണെന്ന് തോന്നുന്ന മാർഗങ്ങളോ സ്വീകരിക്കുന്നില്ല.
Content Highlight: Kerala agreed to sign PM Shri in 2024; No condition to implement NEP: Union School Education Secretary