നടന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ യൂത്ത് എന്ന ചിത്രം തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. കെന്‍  നായകനായും എത്തിയ ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു. അനിഷ്മ അനില്‍കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളി താരങ്ങളും അണിനിരന്ന ഇ റോം കോ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ കെന്‍ കരുണാസിന്റെ ഫിലിം മേക്കിങ്ങിനെയും പെര്‍ഫോമന്‍സിനെയും പ്രശംസിച്ചു. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറയുന്നത്. റിലീസ് ചെയ്ത് നാല് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കിങ് പ്ലാറ്റ്ഫോമായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, യൂത്ത് നാലാം ദിവസം ഇന്ത്യയില്‍ നിന്ന് ഏകദേശം 5.50 കോടി കളക്ഷന്‍ നേടി. ഇതോടെ, ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍ ഏകദേശം 17.50 കോടിയിലെത്തി. അതേസമയം 20 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

റിലീസ് ചെയ്ത് ആദ്യ ദിവസം 3.60 കോടി നേടിയ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ 3.50 കോടിയായി ചുരുങ്ങി. എന്നാല്‍ മൂന്നാം ദിവസവും നാലാം ദിവസവും കളക്ഷന്‍ കുത്തനെ കൂടി. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴാണ് 20 കോടിയെന്ന ഈ അപൂര്‍വ നേട്ടം സിനിമ സ്വന്തമാക്കിയത്.

റോം കോം ഴോണറിലെത്തിയ ചിത്രത്തിന്റെ ആദ്യ പകുതി തമാശകള്‍ നിറഞ്ഞും രണ്ടാം പകുതി വളരെ ഇമോഷണലാണെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ കെനിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പെര്‍ഫോമന്‍സിനും വലിയ കയ്യടികള്‍ ലഭിക്കുന്നുണ്ട്.

തമിഴിലെ മുന്‍നിര കോമഡി താരമായ കരുണാസിന്റെ മകനാണ് കെന്‍ കരുണാസ്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും കെന്‍ കരുണാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


പാര്‍വത എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ സി.റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യൂത്ത് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ കേരളത്തില്‍ വിതരം ചെയ്തത്. ജി.വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നല്‍കിയ സിനിമയുടെ ഛായാഗ്രഹണം വിക്കിയാണ്.

Content Highlight: Ken Karunas’ film Youth crosses Rs 20 crore mark