ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്ന് പലരും വിശേഷിപ്പിച്ച ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായി മാറിയിരുന്നു. 40 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം നാല് കോടി പോലും നേടാതെയാണ് തിയേറ്റര്‍ വിട്ടത്.
കഴിഞ്ഞദിവസം കാട്ടാളന്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് കേട്ട അതേ അഭിപ്രായമാണ് ഒ.ടി.ടിയിലും കാട്ടാളന് ലഭിക്കുന്നത്. ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് കാട്ടാളനെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. തിയേറ്ററില്‍ കണ്ടവര്‍ക്ക് ധനനഷ്ടവും ഒ.ടി.ടിയില്‍ കണ്ടവര്‍ക്ക് സമയനഷ്ടവുമാണ് കാട്ടാളനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ആനക്കൊല്ലി എന്ന ഗ്രാമത്തില്‍ നടക്കുന്ന ആനവേട്ടയും അതിനൊപ്പമുള്ള ഗ്യാങ് വാറുമാണ് ചിത്രത്തിന്റെ കഥ. ഒന്ന് മനസുവെച്ചിരുന്നെങ്കില്‍ നല്ലൊരു സിനിമയാക്കാന്‍ കഴിയുന്ന കഥയെ മോശം സ്‌ക്രിപ്റ്റും അതിനെക്കാള്‍ മോശം മേക്കിങ്ങും കൊണ്ട് അസഹനീയമാക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തമാശ നിറഞ്ഞ വിമര്‍ശനവും ഇതില്‍ ശ്രദ്ധ നേടുന്നുണ്ട്.
ഏഷ്യയിലെ എല്ലാ ആനകളെയും കൊണ്ടുവന്ന് നിര്‍ത്തിയ കാടാണ് ആനക്കൊല്ലിയിലേതെന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ബ്രോയിലര്‍ കോഴികളെ വളര്‍ത്തുന്നതുപോലെ ആനകളെ വളര്‍ത്തുകയാണോ എന്ന് തോന്നുന്നുണ്ടെന്നും അത്രമാത്രം ആനകളും ആനക്കൊമ്പും ഈ ചിത്രത്തിലുണ്ടെന്നും മമ്മു എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ചിത്രത്തിലെ സ്ലോ മോഷനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. രണ്ട് മണിക്കൂര്‍ മാത്രമുള്ള സിനിമയില്‍ പകുതിയിലേറെ സീനുകളും സ്ലോ മോഷനിലാണെന്നും ഇത് നോര്‍മല്‍ സ്പീഡില്‍ കാണിച്ചാല്‍ 40 മിനിറ്റുള്ള ഷോര്‍ട്ട് ഫിലിമായി കാട്ടാളന്‍ മാറിയേക്കുമെന്നും പരിഹാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഇയര്‍ഡ്രം വരെ അടിച്ചുപോകുന്ന തരത്തില്‍ ബി.ജി.എം ഒരുക്കിയ രവി ബസ്രൂറിനെയും സോഷ്യല്‍ മീഡിയ വെറുതെ വിടുന്നില്ല.
ഒരു പഞ്ചുമില്ലാത്ത ആക്ഷന്‍ സീനുകളും വെറുതെ കുറെ ആക്ഷന്‍ സീനുകളും ക്ഷമ പരീക്ഷിക്കുകയാണെന്നും ചില കമന്റുകളുണ്ട്. ദുഷാര വിജയന്‍, ഹിപ്സ്റ്റര്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ അനാവശ്യമായിരുന്നെന്നും പലരും അഭിപ്രായപ്പെടുന്നു. അതിഥിവേഷത്തിലെത്തിയ ലോകേഷ് ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി.
മേക്കപ്പ് മാന് എവിടെ നിന്നോ കുറച്ച് ചുരുണ്ട മുടിയുടെ വിഗ്ഗ് കിട്ടിയെന്നും കാണുന്നവര്‍ക്കെല്ലാം അത് വെച്ചുകൊടുത്തെന്നുമാണ് മറ്റൊരു ട്രോള്‍. ജഗദീഷിന് നല്‍കിയ വിഗ്ഗിനെക്കുറിച്ചാണ് ഈ ട്രോള്‍. വരുംദിവസങ്ങളില്‍ കാട്ടാളന്‍ ഇനിയും എയറില്‍ പറക്കുമെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
Content Highlight: Kattalan getting negative response after OTT release