ശ്രീനിവാസൻ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ, എന്നെ കളിയാക്കാൻ വേണ്ടിയാണോ എന്ന് മമ്മൂട്ടി ചോദിച്ചു: കമൽ
Malayalam Cinema
ശ്രീനിവാസൻ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ, എന്നെ കളിയാക്കാൻ വേണ്ടിയാണോ എന്ന് മമ്മൂട്ടി ചോദിച്ചു: കമൽ
നന്ദന. ടി
Tuesday, 14th July 2026, 7:39 am

മലയാളികൾ നെഞ്ചിലേറ്റിയ നിരവധി പ്രണയ-കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ സംവിധായകനാണ് കമൽ. ഇപ്പോഴിതാ, തന്റെ പഴയകാല സിനിമകളെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.

കമൽ.photo.screen grab/youtube

കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്ന സിനിമയിൽ എല്ലാവരും ശ്രദ്ധിച്ചിരുന്ന ഒരു രസകരമായ രംഗമായിരുന്നു മഞ്ജു വാര്യർ കുതിരപ്പുറത്ത് കയറി ആസൂ ആസൂ എന്ന് പറയുന്ന ഒരു പാട്ട് പാടിക്കൊണ്ട് വരുന്നത്. ഞാനായിരുന്നു ആ സിനിമയുടെ തിരക്കഥ എഴുതിയത്. ഇങ്ങനെ ഒരു രംഗം ആലോചിച്ചപ്പോൾ ആ പാട്ട് തെലുങ്കിലാണ് വേണ്ടത് എന്ന് തീരുമാനിച്ചു. പക്ഷേ, ആ ഭാഷ എനിക്ക് അറിയാൻ പാടില്ലായിരുന്നു. അങ്ങനെ അതിന്റെ സംഗീതം ചെയ്തത് വിദ്യാസാഗർ ആണ്, അദ്ദേഹം തെലുങ്കനാണ്. അപ്പോൾ ഞാൻ മലയാളത്തിൽ ഇങ്ങനെയൊക്കെയുള്ള വരികൾ വേണമെന്ന് പറഞ്ഞ്, അത് തെലുങ്കിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു തരാൻ ആവശ്യപ്പെട്ടു.

ആ സിനിമയിൽ തന്നെ വേറൊരു പാട്ടിലും ആസൂ ആസൂ  എന്ന ഭാഗം ഉപയോഗിച്ചിട്ടുണ്ട്. പിന്നെ ജയറാമും മഞ്ജുവും കൂടി കുറച്ച് അവരുടേതായ രീതിയിലുള്ള ഹ്യൂമറുമൊക്കെ ചേർത്ത് അത് ചെയ്തു. അന്ന് ആളുകൾക്ക് അത് ഭയങ്കര ഇഷ്ടപ്പെട്ടിരുന്നു.

പിന്നെ അയാൾ കഥയെഴുതുകയാണ് എന്ന സിനിമ. അതിന്റെ തിരക്കഥ ശ്രീനിവാസൻ ആയിരുന്നു, സിദ്ദിഖിന്റേതായിരുന്നു കഥ. മോഹൻലാൽ തകർത്ത് അഭിനയിച്ച ഒരു കഥാപാത്രമായിരുന്നു അത്. പ്രത്യേകിച്ച് ആ നൈറ്റിയൊക്കെ ഇട്ടിട്ടുള്ള സീൻ, ആ കഥാപാത്രത്തോടൊപ്പം അദ്ദേഹം സഞ്ചരിച്ചതുകൊണ്ടാണ് അത്തരത്തിലുള്ള രംഗങ്ങളൊക്കെ മനോഹരമായി എടുക്കാൻ കഴിഞ്ഞത്.

ആ സീൻ എടുക്കുമ്പോൾ കുറേ തമാശകളൊക്കെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ലാൽ ഇട്ടിരുന്ന ആ മാക്സി നായികയുടേതാണ്. പക്ഷേ, സിനിമയിലെ നായിക മെലിഞ്ഞതാണല്ലോ, അപ്പോൾ ആ മാക്സി എടുത്ത് ഇടുമ്പോഴുള്ള ലോജിക് ആരും ചിന്തിക്കരുത്. അത് ശരിക്കും മോഹൻലാലിന്റെ ശരീരത്തിന് വേണ്ടിയിട്ട് തയ്പ്പിച്ചതായിരുന്നു. പക്ഷേ, സിനിമയിൽ നായികയുടെ മാക്സി ഇട്ട് ഓടി എന്നാണ് നമ്മളെ ധരിപ്പിക്കുന്നത്. അങ്ങനെയുള്ള കുറേ തമാശകളൊക്കെ അവിടെ ഉണ്ടായിരുന്നു.

അതുപോലെ തന്നെയാണ് അഴകിയ രാവണൻ എന്ന സിനിമ. മമ്മൂട്ടി സ്വതവേ അത്തരം സിനിമകൾ ചെയ്യാൻ മടിയുള്ള ഒരു സമയമായിരുന്നു. ആ സിനിമയിൽ അദ്ദേഹം ഒരു പൊങ്ങച്ചക്കാരൻ ആണല്ലോ. ആ കഥാപാത്രത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞപ്പോൾ തന്നെ, ‘എന്നെ കളിയാക്കാൻ വേണ്ടി ചെയ്തതാണോ’ എന്നൊരു തോന്നൽ പുള്ളി ശ്രീനിയോട് ചോദിച്ചിരുന്നു. അപ്പോൾ ഞങ്ങൾ അതിനൊരു പോസിറ്റീവ് വശമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഓക്കെയായി.

പിന്നീട് അദ്ദേഹം ചെയ്ത പൊങ്ങച്ചക്കാരനായ കഥാപാത്രമായ പ്രാഞ്ചിയേട്ടൻ  ഒക്കെ അതിനുശേഷമാണല്ലോ ചെയ്യുന്നത്. അന്ന് മമ്മൂക്കയ്ക്ക് ആ ക്യാരക്ടർ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ശ്രീനിവാസൻ കൂടി സംവിധാനത്തിൽ ഉൾപ്പെട്ടത് കൊണ്ട് ഇത് കളിയാക്കാൻ വേണ്ടിയാണോ എന്നൊരു സംശയം പുള്ളിക്കുണ്ടായിരുന്നു, പക്ഷേ, സിനിമയിൽ അത് നല്ലൊരു കോമ്പിനേഷൻ ആയി മാറി,’ കമൽ ഓർക്കുന്നു.

അഴകിയ രാവണൻ.അയാൾ കഥയെഴുതുകയാണ്.photo.Jiosavan.Amazon.in

Content Highlight: Kamal shares memories about his old movies

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം